കൊടുങ്ങല്ലൂര്‍: നിരവധി ബൈക്ക് മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പറവൂര്‍ ചെറുപറമ്പില്‍ വീട്ടില്‍ ഭഗവാന്‍ ശരത്ത് എന്നറിയപ്പെടുന്ന ശരത്തിനെയാണ് കൊടുങ്ങല്ലൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി കാണുവാന്‍ വന്ന മേത്തല സ്വദേശി അഭയ് എന്നയാളുടെ ബൈക്ക് മോഷണം പോയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ശരത്ത് പിടിയിലായത്. ബൈക്ക് മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ചും സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും നടത്തിയ അന്വേഷണമാണ് ഇയാളെ കണ്ടെത്താന്‍ സഹായിച്ചത്.