രണ്ട് വര്‍ഷത്തിനുള്ളിലെ ആദ്യ ക്രിസ്തുമസ് ആഘോഷിച്ച് ബെത്‌ലഹേം

Update: 2025-12-25 05:34 GMT

റാമല്ല: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തി വന്ന വംശഹത്യക്ക് താല്‍ക്കാലിക വിരാമമായതോടെ സമാധാനപരമായി ക്രിസ്തുമസ് ആഘോഷിച്ച് ബെത്‌ലഹേം നിവാസികള്‍. കര്‍ദിനാല്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ലെയാണ് ബെത്‌ലഹേമിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജെറുസലേമില്‍ നിന്നും ബെത്‌ലഹേമിലേക്കുള്ള പരമ്പരാഗത ഘോഷയാത്രയും നടന്നു. ഗസയിലെ ഹോളി ഫാമിലി ചര്‍ച്ച് സന്ദര്‍ശിച്ച ശേഷമാണ് കര്‍ദിനാല്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ലെ ബെത്‌ലഹേമിലെത്തിയത്.

രണ്ടു വര്‍ഷത്തെ നിശബ്ദതക്ക് ശേഷം ബെത്‌ലഹേമില്‍ ക്രിസ്തുമസിന്റെ ഊര്‍ജം തിരിച്ചുവന്നതായി മേയര്‍ മാഹെര്‍ നിക്കോള കനാവാതി പറഞ്ഞു. ഫലസ്തീനിയന്‍ ജനത സമാധാനത്തിന് തയ്യാറാണെന്നതിന്റെ തെളിവാണ് ആഘോഷമെന്ന് അവര്‍ പറഞ്ഞു. ഇത് എല്ലാ ഫലസ്തീനികളുടെയും ആഘോഷമാണ്. ക്രിസ്ത്യാനികളും മുസ്‌ലിംകളും ശമരിയരും ഒരു ജനതയാണെന്നും അവര്‍ പറഞ്ഞു.