''സന്ദേശം നല്‍കാന്‍ പറ്റുന്ന ദിവസമല്ല'': ഐഎസ് കേസിലെ കുറ്റാരോപിതന്റെ ജാമ്യാപേക്ഷ തള്ളി

Update: 2025-11-11 10:59 GMT

ന്യൂഡല്‍ഹി: ഐഎസ് സംഘടനയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലെ കുറ്റാരോപിതന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. കഴിഞ്ഞ ദിവസത്തെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സന്ദേശം നല്‍കാവുന്ന ദിവസമല്ല ഇതെന്നും ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും പറഞ്ഞു. '' കുറ്റാരോപിതന്‍ രണ്ടുവര്‍ഷമായി ജയിലിലാണ്. പക്ഷേ, ഞങ്ങള്‍ ഇടപെടാന്‍ തയ്യാറല്ല. കേസിലെ 64 സാക്ഷികളില്‍ 19 പേരെ മാത്രമേ വിസ്തരിച്ചിട്ടുള്ളൂ. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയായില്ലെങ്കില്‍ കുറ്റാരോപിതന് വീണ്ടും ജാമ്യാപേക്ഷ നല്‍കാം. അതിനാല്‍ വിചാരണ വേഗം പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കാം.''-കോടതി പറഞ്ഞു.

കുറ്റാരോപിതന്റെ കൈയ്യില്‍ നിന്നും പ്രകോപനപരമായ പുസ്തകങ്ങള്‍ പിടിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍, അവ ഇസ്‌ലാമിക പുസ്തകങ്ങള്‍ മാത്രമാണെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വാദിച്ചു. കേസിലെ ഒരു സംരക്ഷിത സാക്ഷിയെ എന്‍ഐഎ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ഇക്കാര്യങ്ങള്‍ പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. തന്റെ കക്ഷിയുടെ കൈയ്യില്‍ നിന്നും സ്‌ഫോടകവസ്തുക്കളൊന്നും പിടിച്ചിട്ടില്ലെന്നും 70 ശതമാനം ഭിന്നശേഷിക്കാരനാണ് കക്ഷിയെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജാമ്യം നല്‍കാന്‍ കോടതി വിസമ്മതിച്ചു.

ഐഎസ് രൂപീകരിക്കാന്‍ വാട്ട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു എന്നതാണ് കുറ്റാരോപിതനെതിരായ മുഖ്യ ആരോപണം. ജോധ്പൂരിലെ ആയുധ ഫാക്ടറി ആക്രമിച്ച് ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ഭിന്നശേഷിക്കാരന്‍ ഗൂഡാലോചന നടത്തിയെന്നും ആരോപണമുണ്ട്.