പ്രധാനമന്ത്രിയെ കുറിച്ച് വീഡിയോ ചെയ്ത യുവാവ് അറസ്റ്റില്‍

Update: 2025-05-13 17:13 GMT

ബംഗളൂരു: ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന വീഡിയോ പ്രസിദ്ധീകരിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. മംഗമ്മണപാല്യ സ്വദേശിയായ നവാസ് എന്ന 25 കാരനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ ബംഗളൂരു സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പബ്ലിക് സെര്‍വന്റ് എന്ന അക്കൗണ്ടിലാണ് നവാസ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നതെന്ന് പോലിസ് അറിയിച്ചു. ഈ വീഡിയോ ഏറെ വൈറലായിരുന്നു.

''ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു യുദ്ധമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീട്ടില്‍ പാകിസ്താന്‍ ഇതുവരെ ബോംബ് ഇടാത്തത് എന്തുകൊണ്ട്? മറ്റുള്ളവര്‍ സമാധാനപരമായി ജീവിക്കുമ്പോള്‍ ഈ സാഹചര്യം സൃഷ്ടിച്ചത് മോദിയാണ്. ആദ്യം മോദിയുടെ വീടിന് നേരെ ഒരു ബോംബ് ഇടണം''- എന്ന് നവാസ് വീഡിയോയില്‍ പറയുന്നതായി ആരോപിക്കപ്പെടുന്നു. ഈ വീഡിയോ കണ്ടാണ് ബണ്ഡോപളയ പോലിസ് കേസെടുത്തത്.

പാകിസ്താനില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണങ്ങളെ വിമര്‍ശിച്ച ബെല്‍ത്തങ്ങാടി സ്വദേശിനിയായ രേഷ്മ എന്‍ ബരിഗ എന്ന യുവതിക്കെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്. ആദ്യം പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും പിന്നീട് തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന മറ്റൊരു പോസ്റ്റ് രേഷ്മ ഇട്ടു.