ബംഗളൂരുവില്‍ മുസ്‌ലിം യുവാക്കളെ മര്‍ദ്ദിച്ച് ഹിന്ദുത്വര്‍; ജയ് ശ്രീറാം മുദ്രാവാക്യം വിളിപ്പിക്കാന്‍ ശ്രമം
ബംഗളൂരു: കര്‍ണാടകയിലെ ബംഗളൂരുവില്‍ മുസ്‌ലിം യുവാക്കള്‍ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം. മെക്കാനിക്കായ സമീര്‍, ഓട്ടോഡ്രൈവറായ വസീം എന്നിവരാണ് സംപിഗെഹള്ളി പ്രദേശത്ത് വച്ച് ഞായറാഴ്ച്ച ആക്രമണത്തിന് ഇരയായത്. വസീമിന്റെ ഓട്ടോയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കെ ഹെഗ്‌ഡെ നഗറില്‍ വച്ച് വണ്ടി നിര്‍ത്തിയെന്നും അപ്പോള്‍ ആറു പേര്‍ സമീപത്തേക്ക് വന്നുവെന്നും സമീര്‍ പോലിസില്‍ നല്‍കിയ പരാതി പറയുന്നു. എന്തിനാണ് അവിടെ വന്നതെന്ന് ചോദിച്ച് അവര്‍ ആക്രമിച്ചു. വസീമിനെ അക്രമികള്‍ വടി കൊണ്ട് അടിച്ചു. വസീം ''അല്ലാഹ്'' എന്ന് കരഞ്ഞപ്പോള്‍ ജയ് ശ്രീറാം എന്ന് വിളിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും പരാതി പറയുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്തിട്ടുണ്ട്.