കര്‍ണാടക ബുള്‍ഡോസര്‍ രാജ്; വീടിന് അര്‍ഹതയുള്ളത് വെറും 37 കുടുംബങ്ങള്‍ക്കെന്ന് അധികൃതര്‍
ബെംഗളൂരു: കര്‍ണാടകയിലെ യെലഹങ്കയിലെ ബുള്‍ഡോസര്‍ രാജിന്റെ ഇരകളില്‍ വീടിന് അര്‍ഹതയുള്ളത് കേവലം 37 കുടുംബങ്ങള്‍ക്ക് മാത്രമെന്ന് അധികൃതര്‍. 264 കുടുംബങ്ങള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും 37 കുടുംബങ്ങള്‍ക്ക് മാത്രമാണ് വീടിന് അര്‍ഹതയുള്ളതെന്ന് അധികൃതര്‍ അറിയിച്ചതായി ദി ടെലഗ്രാഫിലെ റിപോര്‍ട്ട് പറയുന്നു. ആകെ 164 വീടുകള്‍ മാത്രമാണ് തകര്‍ത്തതെന്നും അധികൃതര്‍ അവകാശപ്പെടുന്നു.
ഡിസംബര്‍ 20ന് പുലര്‍ച്ചെയാണ് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയെന്ന് ആരോപിച്ച് അധികൃതര്‍ വീടുകള്‍ പൊളിച്ചത്. വലിയ പ്രതിഷേധമുയര്‍ന്നതോടെ പുനരധിവാസത്തെ കുറിച്ച് സര്‍ക്കാര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രദേശത്തെ ശ്രീ സിദ്ധാര്‍ത്ഥ ഇംഗ്ലീഷ് സ്‌കൂളില്‍ പ്രത്യേക ക്യാംപ് തുറന്നു. അവിടെയാണ് വീടിനായി 264 അപേക്ഷകള്‍ ലഭിച്ചത്. അതില്‍ 37 കുടുംബങ്ങള്‍ക്ക് മാത്രമേ വീടിന് അര്‍ഹതയുള്ളൂയെന്നാണ് അധികൃതര്‍ പറയുന്നത്. ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങി 15 രേഖകള്‍ ഉള്ളവര്‍ക്ക് മാത്രമേ വീട് നല്‍കൂയെന്നാണ് അധികൃതര്‍ പറയുന്നത്.