കൊല്‍ക്കത്ത: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം(എസ്‌ഐആര്‍) ഭീകര പദ്ധതിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. 2002ലെ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് കണ്ട ഹൂഗ്ലിയിലെ ദന്‍കുനി സ്വദേശിയായ ഹസീന ബീഗം എന്ന 60കാരി മാനസിക സമ്മര്‍ദ്ദം മൂലം മരിച്ചതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എസ്‌ഐആറിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. എസ് ഐആര്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ദന്‍കുനിയിലെ 20ാം വാര്‍ഡില്‍ നടത്തിയ യോഗത്തില്‍ ഹസീന ബീഗം പങ്കെടുത്തിരുന്നു. പുതിയ എസ്‌ഐആറിലെ കട്ടോഫായ 2002ലെ വോട്ടര്‍ പട്ടികയില്‍ തന്റെ പേരില്ലെന്ന് കണ്ടതോടെ അവര്‍ ആശങ്കയിലായിരുന്നുവെന്ന് ദന്‍കുനി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഹസീന ശബ്‌നം പറഞ്ഞു. സമാനമായ പ്രശ്‌നം നേരിട്ട വാര്‍ഡിലെ 95 വയസുള്ള ഒരു വൃദ്ധനെ ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എസ്‌ഐആര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി പേര്‍ മരിക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു. '' ഇത് ആസൂത്രിതമായ ഒരു ഭീകരവാദ പദ്ധതിയാണ്. അതിന്റെ മാരകമായ പ്രത്യാഘാതങ്ങള്‍ പ്രകടമാകാന്‍ തുടങ്ങിയിരിക്കുന്നു. എസ്ഐആറിന്റെ ലക്ഷ്യം വോട്ടര്‍ പട്ടിക 'വൃത്തിയാക്കുക' എന്നതായിരുന്നില്ല. അമിത് ഷാ തന്നെ പറഞ്ഞതുപോലെ, അത് ചിലരെ നാടുകടത്താനുമുള്ള ഉപകരണമാണ്.''-പ്രസ്താവന പറയുന്നു.
എസ്ഐആര്‍ പ്രഖ്യാപനം വന്ന് ഒരു ദിവസത്തിനുള്ളില്‍, നോര്‍ത്ത് 24-പര്‍ഗാനാസിലെ പാനിഹതിയില്‍ നിന്നുള്ള 57 കാരനായ പ്രദീപ് കാര്‍ ആത്മഹത്യ ചെയ്തിരുന്നു. തന്റെ മരണത്തിന് കാരണം എസ്‌ഐആര്‍ ആണെന്ന് അദ്ദേഹം ആത്മഹത്യാക്കുറിപ്പില്‍ എഴുതി. ബിര്‍ഭുമിലെ ഇലംബസാറില്‍ താമസിക്കുന്ന 95 വയസ്സുള്ള ക്ഷിതിഷ് മജുംദാരും ആത്മഹത്യ ചെയ്തു. വടക്കന്‍ ബംഗാളില്‍ ഒരാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അയാളെ രക്ഷപ്പെടുത്തി. എസ്‌ഐആര്‍ നടപ്പാക്കിയാല്‍ രണ്ടു കോടി പേരുടെ വോട്ടവകാശം നഷ്ടപ്പെടുമെന്നാണ് ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
