ഗസയിലെ വംശഹത്യക്കെതിരെ യുഎസ് സെനറ്റില്‍ പ്രതിഷേധിച്ച് ജൂത ബിസിനസുകാരന്‍ (വീഡിയോ)

Update: 2025-05-15 03:53 GMT

വാഷിങ്ടണ്‍: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്കെതിരെ യുഎസ് സെനറ്റില്‍ പ്രതിഷേധിച്ച് ജൂത ബിസിനസുകാരന്‍. ബെന്‍ ആന്‍ഡ് ജെറീസ് ഐസ് ക്രീം കമ്പനിയുടെ സഹസ്ഥാപകനായ ബെന്‍ കോഹെനാണ് സെനറ്റില്‍ കയറി പ്രതിഷേധിച്ചത്. ഹെല്‍ത്ത് സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ ബജറ്റിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് 74 കാരനായ ബെന്‍ കോഹന്‍ പ്രതിഷേധമുയര്‍ത്തിയത്.

താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡികെയ്ഡ് വെട്ടിക്കുറയ്ക്കാനുള്ള തീരുമാനമെടുക്കുമ്പോഴാണ് ''ഗസയില്‍ കുട്ടികളെ കൊല്ലാനുള്ള ബോംബുകള്‍ക്ക് കോണ്‍ഗ്രസ് പണം നല്‍കുന്നു''-എന്ന് ബെന്‍ കോഹെന്‍ പറഞ്ഞത്. ഇതോടെ കാപ്പിറ്റോള്‍ പോലിസ് ബെന്‍ കോഹനെ കസ്റ്റഡിയിലെടുത്തു. ഗസയിലെ പട്ടിണിയിലുള്ള കുട്ടികള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ഇസ്രായേലില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് വേണ്ടതെന്ന് തന്നെ പോലിസ് കൊണ്ടുപോവുമ്പോള്‍ ബെന്‍ കോഹെന്‍ സെനറ്റര്‍മാരോട് ആവശ്യപ്പെട്ടു.

അമേരിക്കക്കാര്‍ക്കുള്ള സാമൂഹിക ക്ഷേമപരിപാടികളുടെ ചെലവ് വരെ വെട്ടിക്കുറച്ചാണ് ഇസ്രായേലിനായി 20 ബില്യണ്‍ ഡോളറിന്റെ ബോംബുകള്‍ അനുവദിച്ചതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.