''ഗസ വംശഹത്യയിലെ യൂണിലിവറിന്റെ നിലപാട് പ്രതിഷേധാര്‍ഹം; ഐസ്‌ക്രീം സ്‌നേഹം പ്രചരിപ്പിക്കാനുള്ളതാണ്'': ബെന്‍ ആന്‍ഡ് ജെറീസില്‍ നിന്ന് ജെറി പിന്‍മാറി
വെര്‍മണ്ട്(യുഎസ്): സാമൂഹിക നീതിക്കായുള്ള പ്രവര്‍ത്തനങ്ങളെ യൂണിലിവര്‍ കമ്പനി തടസപ്പെടുത്തുന്നുവെന്നാരോപിച്ച് ബെന്‍ ആന്‍ഡ് ജെറീസ് ഐസ്‌ക്രീം ബ്രാന്‍ഡിലെ ജെറി കമ്പനിയില്‍ നിന്നും പിന്‍വാങ്ങി. ബെന്‍ ആന്‍ഡ് ജെറിയുടെ ജീവനക്കാരനായി ഇനി തുടരാനാവില്ലെന്ന് എക്‌സില്‍ ഇട്ട പോസ്റ്റില്‍ 74കാരനായ ജെറി ഗ്രീന്‍ഫീല്‍ഡ് എഴുതി. ''നീതി, തുല്യത, മനുഷ്യത്വം തുടങ്ങിയ മൂല്യങ്ങള്‍ക്കായി നിലകൊള്ളുന്നത് മുമ്പൊരിക്കലും ഇത്ര പ്രധാനമായിരുന്നില്ല, എന്നിട്ടും അധികാരത്തിലിരിക്കുന്നവരെ വിഷമിപ്പിക്കുമെന്ന് ഭയന്ന് ബെന്‍ ആന്‍ഡ് ജെറിയെ നിശബ്ദമാക്കാന്‍ ശ്രമിച്ചു.''-ജെറി പറഞ്ഞു. ഈ പോസ്റ്റ് ബെന്‍ കോഹനും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
ഗ്രീന്‍ഫീല്‍ഡിന്റെ നിലപാടിനോട് വിയോജിപ്പാണെന്ന് യൂണിലിവറിന്റെ ഐസ്‌ക്രീം യൂണിറ്റായ മാഗ്‌നം ഐസ്‌ക്രീം കമ്പനിയുടെ വക്താവ് പറഞ്ഞു. ''ലോകത്ത് ബെന്‍ ആന്‍ഡ് ജെറിയുടെ സ്ഥാനം എങ്ങനെ ശക്തിപ്പെടുത്താം എന്നതിനെക്കുറിച്ച് രണ്ട് സഹസ്ഥാപകരുമായും സംസാരിച്ചിരുന്നു.''-കമ്പനി അറിയിച്ചു.
പഴയ ഒരു പെട്രോള്‍ പമ്പ് നവീകരിച്ചാണ് 1978ല്‍ ബെന്നും ജെറിയും ഐസ്‌ക്രീം കമ്പനി സ്ഥാപിച്ചത്.
2000ല്‍ 326 ദശലക്ഷം ഡോളറിന് യൂണിലിവര്‍ ഈ കമ്പനി ഏറ്റെടുത്തു. ബ്രാന്‍ഡില്‍ സ്വതന്ത്ര ഡയറക്ടര്‍ ബോര്‍ഡിനെ നിലനിര്‍ത്താനുള്ള വ്യവസ്ഥയും കരാറിലുണ്ടായിരുന്നു. 2021 മുതല്‍ യൂണിലിവറും ബെന്‍ ആന്‍ഡ് ജെറീസും ഏറ്റുമുട്ടല്‍ ആരംഭിച്ചു. അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഐസ്‌ക്രീം വില്‍ക്കില്ലെന്ന ബെന്‍ ആന്‍ഡ് ജെറീസിന്റെ നിലപാടാണ് യൂണിലിവറിന്റെ എതിര്‍പ്പിന് കാരണമായത്. ഇനി കമ്പനിക്ക് പുറത്തുനിന്ന് സാമൂഹിക നീതിക്കായി പോരാടുമെന്ന് ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു. ഗസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്നാണ് ഗ്രീന്‍ഫീല്‍ഡിന്റെ അഭിപ്രായം. ''ഐസ്‌ക്രീം വെറുമൊരു കച്ചവടം മാത്രമല്ല, അത് സ്‌നേഹം പ്രചരിപ്പിക്കാനും നല്ലൊരു ലോകത്തിനുള്ള പോരാട്ടത്തിലേക്ക് മറ്റുള്ളവരെ ക്ഷണിക്കാനുള്ള മാര്‍ഗവുമായിരുന്നു.''- ജെറി ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു.
