ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: പത്മലതയുടെ കൊലപാതകം അന്വേഷിക്കണമെന്ന് കുടുംബം
ബെല്‍ത്തങ്ങാടി: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ 1986ല്‍ കൊല്ലപ്പെട്ട പത്മലതയുടെ കുടുംബം പ്രത്യേക പോലിസ് സംഘത്തെ കണ്ടു. പത്മലതയുടെ കൊലപാതകത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കി. സിപിഎം നേതാവ് ബി എം ഭട്ടിന്റെയും മറ്റു പ്രവര്‍ത്തകരുടെയും കൂടെയാണ് പത്മാവതിയുടെ അമ്മ ഇന്ദ്രാവതി പരാതി നല്‍കാനെത്തിയത്.
സിപിഎം ബെല്‍ത്തങ്ങാടി താലൂക്ക് കമ്മറ്റിയംഗമായിരുന്നു എം കെ ദേവാനന്ദിന്റെ മകളാണ് പത്മലത. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏഴാം വാര്‍ഡ് മൊളിക്കാറില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് പതിനേഴുകാരിയായ മകള്‍ പത്മലതയെ കാണാതായത്. 58 ദിവസത്തിന് ശേഷം 1987 ഫെബ്രുവരി 17ന് കുതിരായം പുഴയില്‍ കൈയും കാലും കെട്ടിയിട്ട നിലയിലാണ് പെണ്‍കുട്ടിയുടെ അസ്ഥികൂടം കണ്ടെത്തിയത്. കൈയില്‍ കെട്ടിയ വാച്ചും വസ്ത്രങ്ങളും കണ്ട് മൃതദേഹം പത്മലതയുടെതെന്ന് കുടുംബം തിരിച്ചറിഞ്ഞു. ശക്തമായ പ്രതിഷേധത്തിന് പിന്നാലെ കര്‍ണാടക സിഐഡി കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തിയെങ്കിലും നാളുകള്‍ക്ക് ശേഷം തെളിവില്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി കേസ് അവസാനിപ്പിക്കുകയായിരുന്നു.