''ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കും; ഇസ്രായേലിന് ഉപരോധം ഏര്‍പ്പെടുത്തും'': ബെല്‍ജിയം

Update: 2025-09-02 05:32 GMT

ബ്രസല്‍സ്: ന്യൂയോര്‍ക്കില്‍ ഈ മാസം നടക്കുന്ന യുഎന്‍ പൊതുസഭയില്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയം. അതിന് ശേഷം ഇസ്രായേലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ബെല്‍ജിയം വിദേശകാര്യ മന്ത്രി മാക്‌സിം പ്രിവോത്ത് പ്രസ്താവനയില്‍ അറിയിച്ചു. ഇതോടെ ഫലസ്തീനെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച ആസ്‌ത്രേലിയ, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ് രാജ്യങ്ങളുടെ കൂട്ടത്തില്‍ ബെല്‍ജിയവും എത്തി. അന്താരാഷ്ട്ര നിയമം ലംഘിച്ച് ഇസ്രായേല്‍ ഫലസ്തീനില്‍ പ്രത്യേകിച്ച് ഗസയില്‍ നടത്തുന്ന ആക്രമണങ്ങളാണ് അടിയന്തര തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നും വിദേശകാര്യമന്ത്രി വിശദീകരിച്ചു. ഫലസ്തീനി പ്രദേശങ്ങളിലെ ജൂതകുടിയേറ്റ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതും ബെല്‍ജിയം അവസാനിപ്പിക്കും.