ഇസ്രായേലി സൈനികര്‍ക്കെതിരായ യുദ്ധക്കുറ്റക്കേസ് ഐസിസിക്ക് നല്‍കി ബെല്‍ജിയം
ബ്രസല്‍സ്: ഗസയില്‍ യുദ്ധക്കുറ്റം ചെയ്ത രണ്ടു ഇസ്രായേലി സൈനികര്‍ക്കെതിരായ പരാതി അന്താരാഷ്ട്ര നീതിന്യായ കോടതിക്ക്(ഐസിസി) നല്‍കി യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയം. ജൂലൈ 21ന് അറസ്റ്റ് ചെയ്ത രണ്ടു സയണിസ്റ്റ് സൈനികര്‍ക്കെതിരായ പരാതികളാണ് അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് കൈമാറിയിരിക്കുന്നത്. ബെല്‍ജിയത്തിലെ ബൂം നഗരത്തില്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഇസ്രായേലി സൈനികര്‍ക്കെതിരെ ഹിന്ദ് റജബ് ഫൗണ്ടേഷന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. ഗസയില്‍ യുദ്ധക്കുറ്റം ചെയ്ത ഇസ്രായേലി സൈന്യത്തിന്റെ ഗിവാറ്റി ബ്രിഗേഡിന്റെ പതാകയും രണ്ടുപേരില്‍ നിന്നും ലഭിച്ചിരുന്നു. തുടര്‍ന്നാണ് പരാതിയും അവരുടെ മൊഴികളും തെളിവുകളുമെല്ലാം അന്താരാഷ്ട്ര കോടതിക്ക് നല്‍കിയത്.
ഗസയിലെ വംശഹത്യയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി അന്വേഷണം നടത്തുന്നതിനാല്‍ ഈ കേസും കോടതി പരിഗണിക്കട്ടെയെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു. തീരുമാനത്തെ ഹിന്ദ് റജബ് ഫൗണ്ടേഷന്‍ സ്വാഗതം ചെയ്തു. പ്രതികള്‍ക്കെതിരേ അറസ്റ്റ് വാറന്‍ഡ് ഉടന്‍ ഇറക്കുമെന്നാണ് വിലയിരുത്തല്‍. നേരത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ യുദ്ധമന്ത്രി യോവ് ഗാലന്‍ഡ് എന്നിവര്‍ക്കെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റ് വാറന്‍ഡ് ഇറക്കിയിരുന്നു.