കെനിയയില്‍ നിന്നും 5,000 ഉറുമ്പുകളെ യൂറോപ്പിലേക്ക് കടത്താന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍(PHOTOS)

Update: 2025-04-18 03:43 GMT

നെയ്‌റോബി: ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നിന്നും 5,000 ഉറുമ്പുകളെ യൂറോപ്പിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ടു ബെല്‍ജിയം പൗരന്‍മാരെ അറസ്റ്റ് ചെയ്തു. മെസ്സര്‍ സെഫാലോറ്റ്‌സ് എന്ന ഉറുമ്പുകളെയാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ബെല്‍ജിയം പൗരന്‍മാരായ സെപ്പെ ലോഡെവിജിക്‌സ്, ലോണോയ് ഡേവിഡ് എന്നിവരാണ് പിടിയിലായിരിക്കുന്നത്.






 




 2,244 ടെസ്റ്റ് ട്യൂബുകളിലായി സൂക്ഷിച്ച ഉറുമ്പുകളെ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു. ഇവയ്ക്ക് ഭക്ഷണമായി പഞ്ഞിയും ടെസ്റ്റ് ട്യൂബുകളില്‍ ഇട്ടിരുന്നു. ഉറുമ്പുകളെ കടത്തുന്നത് കെനിയയുടെ ജൈവവൈവിധ്യത്തിന് എതിരായ ആക്രമണമാണെന്ന് വനം വകുപ്പ് അറിയിച്ചു. കസ്റ്റഡിയില്‍ എടുത്ത ഉറുമ്പുകളെ വനത്തില്‍ തുറന്നുവിടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, 400 ഉറുമ്പുകളുമായി ഒരു കെനിയന്‍ പൗരനെയും വിയറ്റനാം പൗരനെയും പോലിസ് അറസ്റ്റ് ചെയ്തു. ഈ ഉറുമ്പുകള്‍ക്ക് ആറരലക്ഷം രൂപ വില വരുമെന്ന് അധികൃതര്‍ അറിയിച്ചു.



 

യൂറോപ്പിലെയും ഏഷ്യയിലെയും സമ്പന്നര്‍ ഈ ഉറുമ്പുകളെ വളര്‍ത്തുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ചില പരീക്ഷണശാലകളും ഈ ഉറുമ്പുകളെ ഗവേഷണത്തിന് ഉപയോഗിക്കുന്നു.