ഈദ്ഗാഹ് നശിപ്പിച്ച നാലു പേര്‍ അറസ്റ്റില്‍

Update: 2025-05-17 02:05 GMT

ബെല്‍ഗാം: കര്‍ണാടകത്തിലെ ബെല്‍ഗാമില്‍ ഈദ്ഗാഹ് നശിപ്പിച്ച നാലു പേര്‍ അറസ്റ്റില്‍. ലക്ഷ്മണ്‍ യെല്ലപ്പ ഉച്ചാവദെ(30), മുത്തപ്പ ഭര്‍മ ഉച്ചാവദെ(26), ലക്ഷ്മണ്‍ നാഗപ്പ നായ്ക്(30), ശിവരാജ് യെല്ലപ്പ ഗുഡി(29) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലിസ് അറിയിച്ചു. ബെല്‍ഗാമിലെ ശാന്തി ബസ്തവാദ് ഗ്രാമത്തിലെ ഈദ്ഗാഹിലെ നാലു മിനാരങ്ങളാണ് ഏപ്രിലില്‍ ഇവര്‍ തകര്‍ത്തത്. കൂടാതെ ഖബറുകളിലെ മീസാന്‍ കല്ലുകള്‍ പിഴുതെറിയുകയും ചെയ്തതായി ബെല്‍ഗാം കമ്മീഷണര്‍ പറഞ്ഞു.

അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ ബെല്‍ഗാം റൂറല്‍ പോലിസിലെ ഒരു ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ബെല്‍ഗാം റൂറല്‍ പോലിസ് സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ മഞ്ജുനാഥ് ഹിരെമതിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം ശാന്തി ബസ്തവാദില്‍ നടന്ന ഖുര്‍ആന്‍ കത്തിക്കലിലെ പ്രതികളെ പിടികൂടാന്‍ വേണ്ട നടപടികള്‍ ഇയാള്‍ സ്വീകരിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.പ്രദേശത്ത് വര്‍ധിച്ചു വരുന്ന ഹിന്ദുത്വ ആക്രമണങ്ങള്‍ക്കെതിരെ മുസ്‌ലിംകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധിച്ചിരുന്നു.