ഇസ്രായേലി നെസെറ്റ് അംഗത്തിന്റെ തായ്‌വാന്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ചൈന

Update: 2025-09-23 04:27 GMT

ബീയ്ജിങ്: ഇസ്രായേലി നെസെറ്റ് അംഗം തായ്‌വാന്‍ സന്ദര്‍ശിച്ചതില്‍ പ്രതിഷേധിച്ച് ചൈന. യെശ് അതിദ് പാര്‍ട്ടി നേതാവും കുടിയായ നെസെറ്റ് അംഗം ബോസ് തോപോറോവ്‌സ്‌കിയാണ് കഴിഞ്ഞ ആഴ്ച്ച തായ്‌വാനില്‍ എത്തിയത്. ഇസ്രായേല്‍-തായ്‌വാന്‍ പാര്‍ലമെന്ററി ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. തായ്‌വാന്‍ ഭരണാധികാരി ലായ് ചിങ് തെയുമായി അയാള്‍ കൂടിക്കാഴ്ച്ചയും നടത്തി. ഇത് 'ഏക ചൈന' എന്ന നിലപാടിന് എതിരാണെന്ന് ചൈനീസ് എംബസി പ്രസ്താനവയില്‍ പറഞ്ഞു. ബോസ് തോപോറോവ്‌സ്‌കിയുടെ പ്രവര്‍ത്തനങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് തെല്‍അവീവിലെ ചൈനീസ് നയതന്ത്ര പ്രതിനിധി പ്രസ്താവനയില്‍ പറഞ്ഞു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് ചൈന പൂര്‍ണ പിന്തുണ ആവര്‍ത്തിച്ച സമയത്താണ് ബോസ് തോപോറോവ്‌സ്‌കിയുടെ പ്രവര്‍ത്തനങ്ങളെന്നതും ശ്രദ്ധേയമാണ്. ഏക ചൈന നയത്തെ ഇസ്രായേല്‍ തത്വത്തില്‍ അംഗീകരിക്കുമ്പോഴും തായ്‌വാനുമായി അനൗദ്യോഗികമായ ബന്ധം പുലര്‍ത്തുന്നു. 1993ല്‍ തന്നെ തായ്‌വാനില്‍ ഇസ്രായേല്‍ പ്രത്യേക ഓഫിസ് തുറന്നു. ഗസയിലെ അധിനിവേശത്തെ തായ്‌വാന്‍ അംഗീകരിക്കുകയും ചെയ്യുന്നു. അതേസമയം, ഫലസ്തീന്‍ അനുകൂല ഗ്രൂപ്പുകള്‍ തായ്‌വാനില്‍ പ്രതിഷേധിക്കുന്നുണ്ട്.

1894-1895 കാലത്ത് നടന്ന ആദ്യ ചൈന-ജപ്പാന്‍ യുദ്ധത്തില്‍ ജപ്പാന്‍, തായ്വാന്‍ ദ്വീപ് കീഴടക്കിയിരുന്നു. അതിന് മുമ്പ് വരെ പ്രദേശം ചൈനയിലെ ക്യുങ് രാജവംശത്തിന്റെ അധീനതയിലായിരുന്നു. പിന്നീട് രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ പരാജയപ്പെട്ടു. അതോടെ തായ്വാന്റെ നിയന്ത്രണം ജപ്പാന് നഷ്ടമായി. ഇതിന് ശേഷം ആഭ്യന്തരയുദ്ധത്തിലൂടെ മാവോ സേതുങിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി ചൈനയില്‍ അധികാരം പിടിച്ചു. മാവോയുടെ സൈന്യവുമായി ഏറ്റുമുട്ടി പരാജയപ്പെട്ട കിയാങ് ചൈഷക് എന്ന നേതാവ് പതിനഞ്ച് ലക്ഷം അനുയായികള്‍ക്കൊപ്പം 1949ല്‍ തായ്‌വാനിലേക്ക് രക്ഷപ്പെട്ടു. അവര്‍ തായ്വാനില്‍ ഔദ്യോഗിക ചൈനയെന്ന പേരില്‍ ഭരണകൂടം സ്ഥാപിച്ചു. തായ്വാനാണ് യഥാര്‍ത്ഥ ചൈനയെന്നാണ് അവരുടെ വാദം. എന്നാല്‍, തായ്വാന്‍ ചൈനയുടെ ഭാഗമാണെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ചൈനയുടെ വാദം. യുഎസും യൂറോപ്പുമാണ് തായ്വാന് സൈനിക പിന്തുണ നല്‍കുന്നത്. ഒരു നാള്‍ തായ്വാന്‍ ചൈനയില്‍ ചേരുമെന്നാണ് ചൈനയുടെ നിലപാട്.