ബിബിസി ഇന്ത്യക്ക് 3.44 കോടി രൂപ പിഴയിട്ട് ഇഡി

Update: 2025-02-21 15:52 GMT

ന്യൂഡല്‍ഹി: ബ്രിട്ടീഷ് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ ഇന്ത്യന്‍ വിഭാഗമായിരുന്ന ബിബിസി ഇന്ത്യയ്ക്ക് 3.44 കോടി രൂപ പിഴയിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശ വിനിമയ ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് ബിബിസി ഇന്ത്യയ്ക്കും ഡയറക്ടര്‍മാര്‍ക്കും പിഴയിട്ടിരിക്കുന്നത്. ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുള്ള വിദേശഫണ്ടിന്റെ പരിധി 26 ശതമാനമാണെന്ന ചട്ടം ലംഘിച്ചതിനാണ് പിഴയിട്ടതെന്ന് ഇഡി അറിയിച്ചു. ഡയറക്ടര്‍മാരായിരുന്ന ഗിലെസ് ആന്റണി ഹണ്ട്, ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കിള്‍ ഗിബ്ബണ്‍സ് എന്നിവര്‍ക്കും ഇഡി പിഴയിട്ടിട്ടുണ്ട്. ഓരോരുത്തര്‍ക്കും 1,14,82,950 രൂപ വീതമാണ് പിഴയിട്ടത്.

ഫെമ നിയമപ്രകാരം 2023 ഏപ്രിലിലാണ് ബിബിസി ഇന്ത്യക്കെതിരെ ഇഡി കേസെടുത്തത്. ആ വര്‍ഷം ഫെബ്രുവരിയില്‍ ബിബിസി. ഇന്ത്യയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ചാനലിനെതിരേ ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തത്.