ബാങ്കിന്റെ ഭൂഗര്‍ഭ ലോക്കര്‍ അറ തുരന്ന് 942 കോടി കവര്‍ന്നു

Update: 2025-12-31 02:49 GMT

ബെര്‍ലിന്‍: ബാങ്കിന്റെ ഭൂഗര്‍ഭ ലോക്കര്‍ അറ തുരന്ന് മോഷ്ടാക്കള്‍ 942 കോടി രൂപ കവര്‍ന്നു. ജര്‍മനിയിലെ ഗെല്‍സെന്‍കിര്‍ച്ചനിലെ സ്പാര്‍ക്കസെ സേവിങ്‌സ് ബാങ്കിലാണ് മോഷണം നടന്നത്. നിരവധി പേര്‍ ചേര്‍ന്ന് വലിയ ബാഗുകള്‍ ഓഡി കാറില്‍ കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി പോലിസ് അറിയിച്ചു. ഈ ഓഡി മുമ്പ് മോഷ്ടിക്കപ്പെട്ടതാണെന്നും കണ്ടെത്തി. ജര്‍മനിയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ ബാങ്ക് മോഷണമാണ് ഇതെന്നാണ് വിലയിരുത്തല്‍. തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് ഫയര്‍ അലാം കേട്ടപ്പോഴാണ് ബാങ്കിലെത്തിയതെന്ന് പോലിസ് അറിയിച്ചു. ക്രിസ്തുമസായതിനാല്‍ ആളുകള്‍ വീടുകളില്‍ ആഘോഷം നടത്തുന്ന സമയത്താണ് മോഷണം നടന്നത്. ബാങ്കിന് സമീപത്തുള്ള പാര്‍ക്കിങ് സ്ഥലത്താണ് മോഷ്ടാക്കള്‍ ആദ്യം എത്തിയത്. അവിടെ നിന്നാണ് ബാങ്കിന്റെ അറ തുരന്നത്. ബാങ്കിലെ 95 ശതമാനം സേഫ് ഡെപോസിറ്റ് ബോക്‌സുകളും മോഷ്ടാക്കള്‍ തുറന്നിട്ടുണ്ട്. അവയിലെ വസ്തുക്കളുടെ മൂല്യം വ്യക്തമല്ല.