മുര്‍ഷിദാബാദില്‍ നിന്നുള്ള വ്യാപാരികള്‍ മൂന്നു ദിവസത്തിനുള്ളില്‍ ഒഡീഷ വിടണമെന്ന് പോലിസ്

Update: 2025-12-02 07:53 GMT

ഭുവനേശ്വര്‍: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നുള്ള മുസ്‌ലിം വ്യാപാരികള്‍ മൂന്നുദിവസത്തിനകം ഒഡീഷ വിടണമെന്ന് പോലിസിന്റെ തിട്ടൂരം. നയാഗഡില്‍ വര്‍ഷങ്ങളായി താമസിച്ച് കൊതുകവല, കമ്പിളി വസ്ത്രങ്ങള്‍ തുടങ്ങിയ സൈക്കിളില്‍ കൊണ്ടുനടന്നു വില്‍ക്കുന്നവരെയാണ് ഒഡാഗോണ്‍ പോലിസ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ബംഗാളി ഭാഷ സംസാരിക്കുന്ന വ്യാപാരികള്‍ രോഹിങ്ഗ്യകളോ ബംഗ്ലാദേശികളോ ആണെന്നാണ് പോലിസുകാര്‍ പറയുന്നത്. പോലിസിന്റെ ഭീഷണിയെ തുടര്‍ന്ന് നിരവധി പേര്‍ ട്രെയ്‌നോ ബസോ പിടിച്ച് പശ്ചിമബംഗാളിലേക്ക് പോയി.

പതിനഞ്ച് വര്‍ഷം മുമ്പാണ് നയാഗഡില്‍ എത്തിയതെന്ന് വ്യാപാരിയായ സാഹെബ് ശെയ്ഖ് പറഞ്ഞു. ''മുര്‍ഷിദാബാദിനേക്കാള്‍ പരിചയം നയാഗഡിനെയും കൊരാപൂത്തിനെയുമാണ്. പക്ഷേ, ഇപ്പോള്‍ ഞങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്നു വിളിക്കുകയാണ്. എന്റെ മുന്‍ഗാമികള്‍ ഇന്ത്യക്കാരാണെന്നതിന് 120 വര്‍ഷത്തെ രേഖകള്‍ കാണിക്കാന്‍ എനിക്ക് കഴിയും. പക്ഷേ, എന്തിനാണ് ഞാന്‍ എന്റെ പൗരത്വം തെളിയിക്കുന്നത് ?''-സാഹെബ് ശെയ്ഖ് ചോദിച്ചു.