വിയ്യൂരില്‍ നിന്നും രക്ഷപ്പെട്ട ബാലമുരുകന്‍ അറസ്റ്റില്‍

Update: 2025-12-29 01:41 GMT

ചെന്നൈ: കേരളത്തിലെ തൃശൂരിലെ വിയ്യൂര്‍ ജയില്‍ പരിസരത്തുനിന്നു രക്ഷപ്പെട്ട തടവുകാരന്‍ ബാലമുരുകന്‍ (44) തമിഴ്നാട്ടിലെ പെരമ്പലൂര്‍ ജില്ലയില്‍ അറസ്റ്റിലായി. തെങ്കാശി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. അഞ്ചുകൊലപാതകങ്ങളടക്കം 53 കേസുകളില്‍ പ്രതിയായ ബാലമുരുകന്‍ കേരളത്തിലെ മോഷണക്കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കവേ നവംബര്‍ ആദ്യമാണ് രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ ഒരു കേസന്വേഷണത്തിന്റെ ഭാഗമായി വിയ്യൂര്‍ ജയിലില്‍നിന്ന് ബാലമുരുകനെ തമിഴ്‌നാട് പോലിസിന് കൈമാറിയതായിരുന്നു. തിരിച്ച് വിയ്യൂര്‍ ജയിലില്‍ എത്തിക്കുന്നതിനിടെയാണ് രക്ഷപ്പെട്ടത്. ജയിലിനടുത്തുവെച്ച് ഇയാള്‍ മൂത്രമൊഴിക്കണമെന്ന് പറയുകയും ഇതിനായി പോലിസ് വാഹനം നിര്‍ത്തിയപ്പോള്‍ അടുത്തുള്ള മതില്‍ചാടി രക്ഷപ്പെടുകയുമായിരുന്നു എന്നാണ് തമിഴ്നാട് പോലിസ് പറഞ്ഞിരുന്നത്. സംഭവത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെ തെങ്കാശി ആലങ്കുളം കാടയം അമ്മന്‍കോവില്‍ സ്വദേശിയായ ഇയാള്‍ക്കായി തെങ്കാശിയിലും പരിസരങ്ങളിലും പോലിസ് തിരച്ചില്‍നടത്തി വരുകയായിരുന്നു. പല തവണ പോലിസിന്റെ കൈയില്‍നിന്ന് രക്ഷപ്പെട്ട ബാലമുരുകനും സഹോദരന്‍ മഹേഷും പെരമ്പല്ലൂരിലെ പാത്തല്ലൂരിലുണ്ടെന്ന് വിവരം കിട്ടിയതിനെത്തുടര്‍ന്ന് പോലിസ് സംഘം അവിടെയെത്തുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.