78 മിസൈലുകളും 143 ഡ്രോണുകളും തകര്‍ത്തതായി ബഹ്‌റയ്ന്‍

Update: 2026-03-06 10:28 GMT

ഇറാന്‍ തൊടുത്തുവിട്ട 78 മിസൈലുകളും 143 ഡ്രോണുകളും തകര്‍ത്തതായി ബഹ്‌റയ്ന്‍ അറിയിച്ചു. ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണത്തെ തുടര്‍ന്നാണ് ഇറാന്‍ യുഎസ് സൈനിക ക്യാംപുകളെ ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ചത്. ബഹ്‌റയ്ന്‍, ഖത്തര്‍, അബൂദബി, ദുബയ് എന്നിവിടങ്ങളിലെ യുഎസ് സൈനിക ക്യാംപുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടന്നു. 

ബഹ്‌റയ്ന്‍ പ്രദേശം ലക്ഷ്യമിട്ട് എത്തിയ 78 മിസൈലുകളും 143 ഡ്രോണുകളും നശിപ്പിച്ചതായി ബഹ്റൈന്‍ പ്രതിരോധ സേനയുടെ ജനറല്‍ കമാന്‍ഡ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്റെ 'വഞ്ചനാപരമായ' ആക്രമണങ്ങളാണെന്ന് അവര്‍ വിശേഷിപ്പിച്ചു. അതേസമയം, യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാനെ ആക്രമിക്കാന്‍ അറബ് രാജ്യങ്ങള്‍ യുഎസിന് സൈനിക സൗകര്യം ചെയ്ത് കൊടുക്കരുതെന്ന് ഇറാന്‍ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.