ബാബാ സിദ്ധീഖിയുടെ കൊലപാതകം: ആന്‍മോല്‍ ബിഷ്‌ണോയിയെ ഇന്ത്യക്ക് വിട്ടുനല്‍കി യുഎസ്

Update: 2025-11-18 16:50 GMT

ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായിരുന്ന ബാബാ സിദ്ദീഖിയെ വെടിവച്ചു കൊന്ന കേസില്‍ ആരോപണ വിധേയനായ അന്‍മോല്‍ ബിഷ്‌ണോയിയെ യുഎസ് നാടുകടത്തി. ഇയാള്‍ ബുധനാഴ്ച ഇന്ത്യയില്‍ എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊടുംകുറ്റവാളിയും അധോലോക നേതാവുമായ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരനാണ് അന്‍മോല്‍ ബിഷ്ണോയി. ബാബാ സിദ്ധിഖി വധത്തിന് പിന്നാലെ ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ നിരവധി അംഗങ്ങളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവരില്‍ നിന്നാണ് അന്‍മോലിന്റെ പങ്കുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ മറ്റുകേസുകളുമുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. ബിഷ്‌ണോയ് വിഭാഗക്കാരുടെ ആരാധനാ മൃഗമായ കൃഷ്ണ മൃഗത്തെ വേട്ടയാടിയെന്നതാണ് സല്‍മാന്‍ ഖാനെതിരായ നീക്കത്തിന് കാരണം.

ഒരു വര്‍ഷം മുന്‍പാണ് മുംബൈ പോലീസ് അന്‍മോലിന്റെ കൈമാറ്റത്തിനായുള്ള നടപടികള്‍ തുടങ്ങിയത്. അന്‍മോല്‍ ബിഷ്‌ണോയിയെ യുഎസില്‍ നിന്ന് നാടുകടത്തിയെന്ന വിവരം ബാബാ സിദ്ദിഖിയുടെ മകനും മുന്‍ എംഎല്‍എയുമായ സീഷാന്‍ സിദ്ദിഖി സ്ഥിരീകരിച്ചു.