ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ തെലങ്കാന സര്‍ക്കാരില്‍ മന്ത്രിയായി ചുമതലയേറ്റു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അടക്കം നിരവധി മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണറുടെ ക്വോട്ടയിലാണ് അസ്ഹറുദ്ദീന്‍ എംഎല്‍സിയായത്. പിന്നാലെ അദ്ദേഹത്തെ മന്ത്രിയാക്കുകയായിരുന്നു. തെലങ്കാന സര്‍ക്കാരിലെ ഏക മുസ്‌ലിം അംഗമാണ് അസ്ഹറുദ്ദീന്‍.
1963ല്‍ ഹൈദരാബാദില്‍ ജനിച്ച അസ്ഹറുദ്ദീന്‍ 1984ലാണ് ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചത്. ആദ്യ മൂന്നു ടെസ്റ്റ് മാച്ചുകളില്‍ സെഞ്ച്വറി സ്വന്തമാക്കിയ അസ്ഹറുദ്ദീന്‍ 1989ല്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനുമായി. പതിനാറ് വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ 99 ടെസ്റ്റുകളും 334 ഏകദിനങ്ങളും കളിച്ചു. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം അദ്ദേഹം 2009ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അതേവര്‍ഷം ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്നും എംപിയായും തിരഞ്ഞെടുക്കപ്പെട്ടു. 2018ല്‍ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിങ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.