സംഭലില്‍ ഉച്ചഭാഷിണി നിരോധം മറികടക്കാന്‍ മസ്ജിദിന്റെ മേല്‍ക്കൂരകളില്‍ കയറി ബാങ്ക് വിളിച്ചും അത്താഴ സമയമറിയിച്ചും വിശ്വാസികള്‍ (വീഡിയോ)

Update: 2025-03-07 15:10 GMT

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭലിലെ മുസ്‌ലിം പള്ളികളില്‍ ഉച്ചഭാഷിണികള്‍ നിരോധിച്ചിരിക്കുകയാണ് ഭരണകൂടം. പള്ളിക്കുമേല്‍ അവകാശവാദം ഉന്നയിച്ച് ഹിന്ദുത്വ പക്ഷം സംഘര്‍ഷം സൃഷ്ടിക്കാന്‍ തുടങ്ങിയതോടെ പുതിയ പുതിയ പ്രതിസന്ധികളാണ് പ്രദേശത്തെ മുസ്‌ലിംകളെ തേടിയെത്തുന്നത്. ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് ജില്ലാ ഭരണകൂടം വിലക്കിയതിനെ തുടര്‍ന്ന് പള്ളിയുടെ മുകള്‍ നിലയില്‍ കയറിയായിരുന്നു നമസ്‌കാര സമയം അറിയിക്കുന്നതിനുള്ള ബാങ്ക് വിളിച്ചിരുന്നത്. റമദാന്‍ മാസം കൂടിയായതോടെ ഉച്ചഭാഷിണി നിരോധനം കൂടുതല്‍ ബുദ്ധിമുട്ടുകള്‍ക്കിടയാക്കിയിരിക്കുകയാണ്. വ്രതകാലത്ത് പുലര്‍ച്ചെ അത്താഴം കഴിക്കുന്നതിനുള്ള സമയം അറിയിക്കാനും ഇത്തരം പുതിയ രീതികളെയാണ് വിശ്വാസികള്‍ അവലംബിക്കുന്നത്.

ആളുകളെ അത്താഴത്തിന് ഉണര്‍ത്താന്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് ഡ്രമ്മുകളുമായി ആളുകള്‍ പോകുകയാണ്. അത്താഴ സമയം സൂചിപ്പിക്കാന്‍ പള്ളികളുടെ മുകളില്‍ കയറിനിന്ന് അറിയിച്ചാലും പ്രായമായവര്‍ ഇതു കേള്‍ക്കണമെന്നില്ല; ഗാഢനിദ്രയിലായിരിക്കുന്ന സമയമായതിനാല്‍ പ്രത്യേകിച്ചും അത് പ്രയാസകരം തന്നെയാണ്. സര്‍ക്കാര്‍ ലൗഡ് സ്പീക്കറുകള്‍ പിടിച്ചെടുത്തതു മൂലമുണ്ടായ പ്രയാസങ്ങള്‍ മറികടക്കാന്‍ തന്നെയാണ് പ്രദേശത്തെ മുസ്‌ലിംകളുടെ ഉറച്ച തീരുമാനം.



സംഭലില്‍ മാത്രമായി ഒതുങ്ങുന്ന ഒരു വിഷയവുമല്ല ഉച്ചഭാഷിണിയുടെ നിരോധനം. ഉത്തര്‍പ്രദേശിലാകെ പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരേ കടുത്ത നിലപാടിലാണ് അധികൃതര്‍.