ബലാല്‍സംഗക്കേസില്‍ എസ്പി നേതാവ് മൊയ്ദ് ഖാനെ വെറുതെവിട്ടു; ആരോപണം വന്നപ്പോള്‍ ബേക്കറിയും ഷോപ്പിങ് കോംപ്ലക്‌സും പൊളിച്ചിരുന്നു
ലഖ്‌നോ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്‌തെന്ന ആരോപണത്തില്‍ സമാജ് വാദി നേതാവ് മൊയ്ദ് ഖാനെ വെറുതെവിട്ടു. അതേസമയം, മൊയ്ദ് ഖാന്റെ വീട്ടിലെ പണിക്കാരനായ രാജു എന്നയാളെ അയോധ്യയിലെ പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചു. 2024 ജൂലൈ 29ന് പുരാകലന്തര്‍ പോലിസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 71കാരനായ മൊയ്ദ് ഖാനും രാജുവും പെണ്‍കുട്ടിയെ പിടിച്ചുവച്ച് പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. കേസില്‍ പെണ്‍കുട്ടി, പരിശോധിച്ച ഡോക്ടര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ അടക്കം 14 പേരെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും പീഡിപ്പിച്ചവരുടെ സ്രവങ്ങള്‍ ലഭിച്ചിരുന്നുവെന്നാണ് ഫോറന്‍സിക് റിപോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍, മൊയ്ദ് ഖാന്റ സ്രവങ്ങള്‍ ചേര്‍ത്ത് പരിശോധിച്ചപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. ഇതാണ് കേസില്‍ നിര്‍ണായകമായത്. ഇതേതുടര്‍ന്നാണ് മൊയ്ദ് ഖാനെ കോടതി വെറുതെവിട്ടത്. വിധിയെ കുറിച്ച് പഠിക്കുകയാണെന്നും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
ജൂലൈ 29ന് കേസ് ഫയല്‍ ചെയ്ത് 30ന് തന്നെ മൊയ്ദ് ഖാനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെ ഖാന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയും ഷോപ്പിങ് കോംപ്ലക്‌സും അധികൃതര്‍ ബുള്‍ഡോസര്‍ കൊണ്ടുവന്നു പൊളിച്ചു. വിചാരണക്കാലയളവില്‍ മൊയ്ദ് ഖാന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ കെട്ടിടങ്ങളുടെ കാര്യത്തിലെ ഭാവി നടപടി എന്തെന്ന് വ്യക്തമല്ല.