ഇറാനിലെ കൊലപാതകങ്ങളിലെ മുഖ്യപ്രതി യുഎസ് പ്രസിഡന്റ്: ആയത്തുല്ല അലി ഖാംനഈ

Update: 2026-01-17 11:48 GMT

തെഹ്‌റാന്‍: ഇറാനില്‍ അടുത്തുനടന്ന കലാപങ്ങളിലും കൊലപാതകങ്ങളിലും മുഖ്യപ്രതി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. '' ഇറാനില്‍ നടന്ന മരണങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും ഉത്തരവാദി യുഎസ് പ്രസിഡന്റാണ്. മുന്‍കാലങ്ങളിലും ഇറാനില്‍ ഇത്തരം കലാപങ്ങള്‍ സംഘടിപ്പിച്ചു. യുഎസിലെയും യൂറോപിലെയും രാഷ്ട്രീയക്കാരും മാധ്യമങ്ങളുമാണ് അവരെ എരികേറ്റാറ്. പക്ഷേ, ഇത്തവണ യുഎസ് പ്രസിഡന്റ് തന്നെ നേരിട്ട് രംഗത്തുവന്നു. കലാപകാരികള്‍ക്ക് സൈനികസഹായം നല്‍കുമെന്ന് വരെ അയാള്‍ പ്രഖ്യാപിച്ചു. ഇത്തവണത്തെ കലാപം ഒരു യുഎസ് സ്‌പോണ്‍സേഡ് കലാപമായിരുന്നു. ഇസ്‌ലാമിക വിപ്ലവത്തോടെ ഇറാനിലെ യുഎസിന്റെ സ്വാധീനം നഷ്ടപ്പെട്ടു. അന്നുമുതലേ ഇറാനെ കീഴടക്കാന്‍ യുഎസ് ശ്രമിക്കുകയാണ്. ഇറാന്റെ സ്വഭാവവും ശേഷിയും പുരോഗതിയുമുള്ള ഒരു രാജ്യത്തെയും യുഎസിന് അംഗീകരിക്കാനാവില്ല.''-ഖാംനഈ പറഞ്ഞു. കലാപകാരികളെ ഇറാന്‍ സുരക്ഷാ സേന ഒതുക്കി. രാജ്യത്തെ യുദ്ധത്തിലേക്ക് തള്ളിയിടാന്‍ ഞങ്ങള്‍ തയ്യാറല്ല, പക്ഷേ, ആഭ്യന്തരവും വൈദേശികവുമായ ക്രിമിനലുകള്‍ ശിക്ഷിക്കപ്പെടാതിരിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.