എ വി റസലിന്റെ സംസ്‌കാരം ഞായറാഴ്ച; മൃതദേഹം ഇന്ന് കൊച്ചിയില്‍ എത്തിക്കും

Update: 2025-02-22 01:50 GMT

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും. രാവിലെ ഒമ്പത് മണിയോടെ കൊച്ചി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 12ന് കോട്ടയം ജില്ല കമ്മിറ്റി ഓഫീസില്‍ എത്തിക്കും. രണ്ട് മണിക്കൂര്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ചങ്ങനാശേരി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. ഇവിടെ പൊതുദര്‍ശനം കഴിഞ്ഞ് ചങ്ങനാശേരി തെങ്ങണയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. അര്‍ബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എ വി റസല്‍ ഇന്നലെയാണ് മരിച്ചത്. ആറ് വര്‍ഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവര്‍ഷം ജില്ലാ സെക്രട്ടറിയുമായിരുന്നു. സിഐടിയു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്.