ബീഫില്‍ വിഷക്കൂണ്‍ കലര്‍ത്തി ഭര്‍ത്താവിന്റെ കുടുംബത്തെ കൊന്ന വയോധിക കുറ്റക്കാരി
സിഡ്‌നി: ബീഫ് കറിയില്‍ വിഷക്കൂണ്‍ കലര്‍ത്തി ഭര്‍ത്താവിന്റെ കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയ വയോധിക കുറ്റക്കാരിയെന്ന് കണ്ടെത്തി. ഭര്‍തൃമാതാവ് ഗെയ്ല്‍ പാറ്റേഴ്‌സണ്‍, ഭര്‍തൃപിതാവ് ഡോണള്‍ഡ് പാറ്റേഴ്‌സണ്‍, ഭര്‍തൃസഹോദരി ഹെദര്‍ വില്‍ക്കിന്‍സന്‍ എന്നിവരെ കൊലപ്പെടുത്തിയ എറിന്‍ പാറ്റേഴ്‌സനെയാണ് കുറ്റക്കാരിയായി കണ്ടെത്തിയത്. ഹെദര്‍ വില്‍ക്കിന്‍സന്റെ ഭര്‍ത്താവ് ഇയാന്‍ വില്‍ക്കിന്‍സന്‍ മരിക്കാതെ രക്ഷപ്പെട്ടു.
മെല്‍ബോണില്‍ നിന്നും 134 കിലോമീറ്റര്‍ അകലെയുള്ള ലിയോഗതയിലെ വീട്ടില്‍ വച്ചാണ് കൊല നടത്തിയത്. ബീഫ് വെല്ലിങ്ടണ്‍ എന്ന വിഭവം തയ്യാറാക്കിയാണ് പ്രതി നാലുപേര്‍ക്കും നല്‍കിയത്. അതില്‍ വിഷക്കൂണ്‍ കലര്‍ത്തിയിരുന്നു. മൂന്നു പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് പോലിസ് അന്വേഷണം ആരംഭിച്ചതും വിഷക്കൂണ്‍ കണ്ടെത്തിയതും.
നിരവധി വഞ്ചനകളാണ് പ്രതി നടത്തിയതെന്ന് പ്രോസിക്യൂട്ടറായ നാനെറ്റ് റോജേഴ്‌സ് വാദിച്ചു. തനിക്ക് കാന്‍സര്‍ ആണെന്ന് പറഞ്ഞാണ് പ്രതി മറ്റുള്ളവരെ വിളിച്ചു വരുത്തിയത്. മറ്റുള്ളവര്‍ക്ക് വിഷം കലര്‍ന്ന ഭക്ഷണം നല്‍കിയെങ്കിലും സ്വന്തമായി അത് കഴിച്ചില്ല. വയറിന് സുഖമില്ലെന്ന് നുണ പറഞ്ഞാണ് കഴിക്കാതിരുന്നത്. കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. എട്ടു ദിവസം തുടര്‍ച്ചയായി പ്രോസിക്യൂഷന്‍ അവരെ വിസ്തരിച്ചു. തുടര്‍ന്നാണ് ഏഴു പുരുഷന്‍മാരും അഞ്ചും സ്ത്രീകളും അടങ്ങിയ ജൂറി പ്രതി കുറ്റം ചെയ്തതായി കണ്ടെത്തിയത്. ഇനി ശിക്ഷ വിധിക്കും.
