തിരുവനന്തപുരം: ആംബുലന്‍സ് ഡ്രൈവറെ തോട്ടില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതികള്‍ പിടിയില്‍. ശ്രീകാര്യം കരിമ്പൂക്കോണം പുതുവല്‍ പുത്തന്‍വീട്ടില്‍ എബി (32), സഹോദരന്‍ സിബി (31), നാലാഞ്ചിറ കിഴക്കേവിള വീട്ടില്‍ ശിവപ്രസാദ് (31) എന്നിവരാണ് പിടിയിലായത്. ഫെബ്രുവരി രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആംബുലന്‍സ് ഡ്രൈവറായ കന്യാകുളങ്ങര ബൈത്തുല്‍ ഫിര്‍ദൗസില്‍ മെഹബൂബാണ് (23) ആക്രമണത്തിരയായത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് അടുത്ത് നില്‍ക്കുകയായിരുന്നു മെഹബൂബിനെ യുവാക്കള്‍ ബലം പ്രയോഗിച്ച് ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ശ്രീകാര്യത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിയതോടെ സ്മാര്‍ട്ട്‌ഫോണും പേഴ്‌സും പിടിച്ചുവാങ്ങി. ശേഷം ക്രൂരമായി മര്‍ദ്ദിച്ച് തോട്ടില്‍ മുക്കിക്കൊല്ലാനായി ശ്രമം. തോട്ടില്‍ മുക്കുന്നതിനിടെ കുതറി മാറി ഓടിയ മെഹബൂബ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയതിന് ശേഷം പോലിസില്‍ പരാതി നല്‍കുകയായിരുന്നു.