ഉത്തരേന്ത്യയില്‍ കശ്മീരി ഷാള്‍ കച്ചവടക്കാര്‍ക്കെതിരേ ഹിന്ദുത്വ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു

Update: 2026-02-22 07:47 GMT

ശ്രീനഗര്‍: ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കശ്മീരി ഷാള്‍ കച്ചവടക്കാര്‍ക്ക് നേരെയുള്ള ഹിന്ദുത്വ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. വീടുകള്‍ തോറും കയറി ഇറങ്ങി കച്ചവടം നടത്തുന്ന കച്ചവടക്കാരെയാണ് ഹിന്ദുത്വര്‍ ലക്ഷ്യം വക്കുന്നത്. പൗരത്വം ചോദ്യം ചെയ്തും തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചുമാണ് ആക്രമണങ്ങള്‍ അരങ്ങേറുന്നത്. ദിനംപ്രതി നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഹിന്ദുത്വരുടെ ഭാഗത്ത് നിന്നുള്ള ഉപദ്രവങ്ങളും വര്‍ധിച്ചതോടെ അവര്‍ സുരക്ഷ മുന്‍ഗണനയാക്കി വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി.

ശ്രീനഗര്‍ സ്വദേശിയായ അയാസ് അഹമ്മദ് (28) ഹരിയാനയിലെ ഹിസാര് നഗരത്തില്‍ വീടുകള്‍ തോറും ഷാളുകളും ഹാന്‍ഡിക്രാഫ്റ്റ് വസ്തുക്കളും വില്‍ക്കുന്നവരില്‍ ഒരാളാണ്. ഇന്ത്യന്‍ ഭരണത്തിലുള്ള കശ്മീരില്‍ നിന്ന് രാജ്യത്തുടനീളം സഞ്ചരിച്ച് ശൈത്യകാലത്ത് വ്യാപാരം നടത്തുന്ന ആയിരക്കണക്കിന് വ്യാപാരികളില്‍ ഒരാളാണ് അദ്ദേഹം.

എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി കശ്മീരി വ്യാപാരികള്‍ക്കെതിരെ വിദ്വേഷപരമായ ആക്രമണങ്ങള്‍ വര്‍ധിച്ചെന്ന് അയാസ് അഹമ്മദ് പറഞ്ഞു. ഇതിനിടെ അയാസ് അഹമ്മദ് ഒന്നിച്ച് കച്ചവടം ചെയ്യുന്ന അംഗങ്ങളുള്ള ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ ഒഴിവാക്കാനും സുരക്ഷിത മേഖലകളിലേക്ക് മാത്രം പോകാനും അംഗങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ പങ്കിടുകയാണ് ലക്ഷ്യം.

'ഇപ്പോള്‍ കച്ചവടത്തേക്കാള്‍ പ്രധാന്യം സുരക്ഷയ്ക്കാണ്. ഞങ്ങളുടെ അംഗങ്ങള്‍ക്കെതിരെ ദിവസേന ഉപദ്രവങ്ങള്‍ നടക്കുന്നു,'' എന്നാണ് അയാസ് അഹമ്മദ് പറഞ്ഞത്.

ഉത്തരാഖണ്ഡില്‍ 18-കാരനായ തബീഷ് അഹമ്മദ് ഗനി എന്ന കശ്മീരി ഷാള്‍ വ്യാപാരിയെ ഒരു കടയുടമ ഇരുമ്പ് ദണ്ഡുകൊണ്ട് മര്‍ദ്ദിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ഉത്തരാഖണ്ഡിലെ വികാസ് നഗര്‍ പ്രദേശത്താണ് സംഭവം നടന്നത്.

'ഇത് ഒരു ഹിന്ദു ഗ്രാമമാണ്. കശ്മീരി മുസ്‌ലിംകള്‍ക്ക് ഇവിടെ ജോലി ചെയ്യാനാവില്ല,'' എന്ന് ആക്രമണത്തിനിടെ കടയുടമ വിളിച്ചുപറഞ്ഞതായി വൈറല്‍ വീഡിയോയില്‍ കേള്‍ക്കാം.

തലയില്‍ 12 തുന്നലുകള്‍ ഇടേണ്ടി വന്ന ഗനി ഇപ്പോള്‍ കാലിലെ പൊട്ടലുകള്‍ കാരണം നടക്കാനാകാത്ത അവസ്ഥയിലാണ്. അദ്ദേഹത്തിന്റെ സഹോദരനും ആക്രമണത്തില്‍ പരിക്കേറ്റു.

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. കശ്മീരി മുസ് ലിം ആയത് കൊണ്ട് മാത്രമാണ് ആക്രമണം,'' ഗനി പറഞ്ഞു.

'ഭാരത് മാതാ കി ജയ്' മുദ്രാവാക്യം ചൊല്ലാന്‍ വിസമ്മതിച്ചതിന് മര്‍ദ്ദനം

ക്രിസ്മസ് ദിനത്തില്‍, കാശിപൂര്‍ ജില്ലയില്‍ ബിലാല്‍ അഹമ്മദ് എന്ന മറ്റൊരു ഷാള്‍ വ്യാപാരിയെയും ഒരു ഹിന്ദുത്വ സംഘടനാംഗങ്ങള്‍ ആക്രമിച്ചു. ''ഭാരത് മാതാ കി ജയ'' എന്ന മുദ്രാവാക്യം വിളിക്കാന്‍ വിസമ്മതിച്ചതാണ് കാരണം.

കുടുംബാംഗങ്ങള്‍ സംഭവം വീഡിയോയില്‍ കണ്ടതിനെ തുടര്‍ന്ന് വ്യാപാരം നിര്‍ത്തി കശ്മീരിലേക്ക് മടങ്ങാന്‍ ബിലാല്‍ തീരുമാനിച്ചു.

രാഷ്ട്രീയ പശ്ചാത്തലം

2014ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് മുസ്‌ലിം വിരുദ്ധ വിദ്വേഷ സംഭവങ്ങള്‍ വര്‍ധിച്ചുവെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഭരണകക്ഷിയായ ബിജെപി നേതാക്കളുമായി ബന്ധമുള്ള ചില വ്യക്തികളുടെ പ്രസംഗങ്ങളും സോഷ്യല്‍ മീഡിയ പ്രചരണങ്ങളും കശ്മീരികളെ ''സുരക്ഷാ ഭീഷണി'' എന്ന രീതിയില്‍ ചിത്രീകരിക്കുന്നുവെന്ന ആരോപണവും നിലനില്‍ക്കുന്നു.

കശ്മീരി മുസ്‌ലിംകള്‍ അവരുടെ മതവും സ്വദേശവുമെന്ന ഇരട്ട തിരിച്ചറിയല്‍ മൂലം രാജ്യത്ത സംശയത്തിനും വിദ്വേഷത്തിനും ഇരയാകുന്നുവെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.

Tags: