തിരുവനന്തപുരം: കഠിനംകുളത്ത് കൊല്ലപ്പെട്ട ആതിര എന്ന യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ പോലിസ് തിരിച്ചറിഞ്ഞു. എറണാകുളം ചെല്ലാനം സ്വദേശി ജോണ്‍സണ്‍ ഔസേപ്പാണ് സുഹൃത്തെന്നാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്. ഭര്‍ത്താവിനെയും കുടുംബത്തേയും ഒഴിവാക്കി തന്റെ കൂടെവരണമെന്ന ആവശ്യം ആതിര നിരസിച്ചതോടെ കൊല നടത്തിയെന്നാണ് പോലിസിന്റെ അനുമാനം. ആതിരയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ഇയാള്‍ പെരുമാതുറയിലെ ലോഡ്ജില്‍ ഒരാഴ്ച താമസിച്ചിരുന്നു. കഠിനംകുളത്തെ വീട്ടിലെത്തി ആതിരയെ കൊന്നതിന് ശേഷം അവരുടെ സ്‌കൂട്ടറുമെടുത്താണ് ജോണ്‍സണ്‍ രക്ഷപ്പെട്ടത്. ഈ സ്‌കൂട്ടര്‍ പിന്നീട് ചിറയിന്‍കീഴ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് കണ്ടെത്തി.
ഇന്‍സ്റ്റഗ്രാം റീല്‍സ് വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നും അടുപ്പത്തിലായതെന്നും പോലിസ് കരുതുന്നു.ആതിരയെ കാണാന്‍ ജോണ്‍സന്‍ വീട്ടിലെത്തിയിരുന്നതായും കണ്ടെത്തി. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കായംകുളം സ്വദേശിയായ ആതിരയെ ഭര്‍തൃവീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിന് കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. രാവിലെ അഞ്ചരയോടെ അമ്പലത്തില്‍ പൂജയ്ക്ക് പോയ ഭര്‍ത്താവ് രാജേഷ് മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ജോണ്‍സനെ കുറിച്ച് ആതിര പറയുന്നത് ഏഴുമാസം മുമ്പ് രാജേഷ് കേട്ടിരുന്നു. എന്നാല്‍, ഇക്കാര്യം രാജേഷ് പരിശോധിച്ചില്ല. സംശയരോഗിയായി ചിത്രീകരിക്കുമെന്ന ഭയമായിരുന്നു കാരണം.
