ഏഥന്‍സിലെ സയണിസ്റ്റ് വിരുദ്ധ ഗ്രഫിറ്റി നീക്കണമെന്ന് ഇസ്രായേല്‍; കുട്ടികളെ കൊല്ലുന്നവര്‍ ക്ലാസെടുക്കരുതെന്ന് മേയര്‍

Update: 2025-08-03 13:46 GMT

ഏഥന്‍സ്: ഗ്രീസിലെ ഏഥന്‍സ് നഗരത്തിലെ സയണിസ്റ്റ് വിരുദ്ധ ഗ്രഫിറ്റികള്‍ നീക്കണമെന്ന ഇസ്രായേല്‍ സ്ഥാനപതിയുടെ ആവശ്യം മേയര്‍ തള്ളി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഗ്രഫിറ്റികള്‍ ഇസ്രായേലില്‍ നിന്നുള്ള വിനോദസഞ്ചാരികളെ വിഷമിപ്പിക്കുന്നുവെന്നാണ് ഇസ്രായേലിന്റെ സ്ഥാനപതി നോം കാറ്റ്‌സ് പറഞ്ഞത്. എന്നാല്‍, ഈ ആവശ്യം ഏഥന്‍സ് മേയര്‍ ഹാരിസ് ഡൂക്കാസ് തള്ളി.


''ഒരു ജനാധിപത്യരാജ്യത്തിന്റെ തലസ്ഥാനമായ ഏഥന്‍സ് സഞ്ചാരികളെ ബഹുമാനിക്കുന്നു, അതോടൊപ്പം തന്നെ പൗരന്‍മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യവും അംഗീകരിക്കുന്നു. നഗരത്തിന്റെ മുന്‍സിപ്പല്‍ അധികാരി എന്ന നിലയില്‍ അക്രമത്തോടുള്ള വിയോജിപ്പുകള്‍ ഞങ്ങള്‍ പ്രകടിപ്പിക്കുന്നു. ഭക്ഷണത്തിന് വേണ്ടി ക്യൂ നില്‍ക്കുന്ന സാധാരണക്കാരെയും കുട്ടികളെയും കൊല്ലുന്നവരില്‍ നിന്നും ജനാധിപത്യത്തെ കുറിച്ചുള്ള ക്ലാസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.''-അദ്ദേഹം വിശദീകരിച്ചു.

ചില ദ്വീപുകളില്‍ വിനോദസഞ്ചാരത്തിന് എത്തുന്ന ജൂതന്‍മാരെ ഗ്രീക്കുകാര്‍ കപ്പലില്‍ നിന്നും ബോട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. ഗ്രീസ് ഭരിക്കുന്ന വലതുപക്ഷ സര്‍ക്കാര്‍ ഇസ്രായേലുമായി അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. എന്നാല്‍, ഏഥന്‍സ് മേയര്‍ ഹാരിസ് ഡൂക്കാസ് മൂവ്‌മെന്റ് ഫോര്‍ ചെയ്ഞ്ച് എന്ന മധ്യ-ഇടത് പാര്‍ട്ടി സഖ്യത്തിലെ അംഗമാണ്.