ബലൂചിസ്ഥാന്‍ വിമതര്‍ തട്ടിക്കൊണ്ടുപോയ ട്രെയ്‌നിലെ 104 പേരെ പാക് സൈന്യം മോചിപ്പിച്ചു (video)

Update: 2025-03-12 03:09 GMT

ക്വറ്റ: ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയ ട്രെയ്‌നിലെ 104 യാത്രക്കാരെ ഏറ്റുമുട്ടലിലൂടെ മോചിപ്പിച്ചെന്ന് പാക് സൈന്യം. ആക്രമണത്തില്‍ 16 ബലൂച് വിമതര്‍ കൊല്ലപ്പെട്ടു. മോചിപ്പിച്ചവരെ ക്വറ്റയിലെ സുരക്ഷിത താവളത്തിലേക്ക് മാറ്റി.


ട്രെയ്‌നിലെ മറ്റു യാത്രക്കാരെ വിമതര്‍ മലനിരകളിലേക്ക് മാറ്റിയെന്നാണ് വിവരം. ഈ പ്രദേശത്തെ കാടുകളും മലകളും മൂലം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നാണ് പാക് അധികൃതര്‍ പറയുന്നത്. പാക് സൈന്യത്തിന്റെ സ്‌പെഷ്യല്‍ കമാന്‍ഡോകളും പ്രദേശത്ത് എത്തിയിട്ടുണ്ട്.

ഇന്നലെ രാവിലെ ഒമ്പത് മണിക്ക് ക്വറ്റയില്‍ നിന്നും പെഷവാറിലേക്ക് പുറപ്പെട്ട ജാഫര്‍ എക്‌സ്പ്രസിലെ ഒമ്പത് ബോഗികളിലായി 450 യാത്രക്കാരുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് പനീര്‍, പെഷി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള എട്ടാം നമ്പര്‍ ടണലില്‍ വെച്ചാണ് ബലൂച് വിമതര്‍ ട്രെയ്ന്‍ പിടിച്ചത്. റോക്കറ്റുകളും മറ്റും വിട്ടാണ് ട്രെയ്ന്‍ നിര്‍ത്തിച്ചത്. ട്രെയ്‌നിലുണ്ടായിരുന്ന സൈനികരും വിമതരും ഏറ്റുമുട്ടുകയും ചെയ്തു. സൈനികരെ കൊലപ്പെടുത്തിയാണ് വിമതര്‍ ട്രെയ്ന്‍ നിയന്ത്രണത്തിലാക്കിയത്. ബലൂചിസ്ഥാനില്‍ പാക് സൈന്യം വ്യോമാക്രമണങ്ങള്‍ നടത്തരുതെന്ന് വിമതര്‍ ആവശ്യപ്പെട്ടു. ആക്രമണം ചൈനക്കും പാകിസ്താനുമുള്ള മുന്നറിയിപ്പാണെന്നും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി അറിയിച്ചു.