ന്യൂഡല്‍ഹി: രണ്ടാം മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഹുമായൂണിന്റെ മഖ്ബറക്ക് സമീപത്തെ കെട്ടിടം തകര്‍ന്ന് 12 പേര്‍ക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. തകര്‍ന്ന കെട്ടിടത്തിന് അകത്ത് നിന്ന് 12 പേരെ രക്ഷിച്ചെന്ന് അധികൃതര്‍ അറിയിച്ചു. നിസാമുദ്ദീനിലെ ഹുമായൂണ്‍ മഖ്ബറ യുണെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്ന സ്മാരകമാണ്. സ്മാരകമല്ല തകര്‍ന്നതെന്നും അതിനോട് ചേര്‍ന്ന നിര്‍മാണമാണ് തകര്‍ന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
ബാബര്‍ ചക്രവര്‍ത്തിയുടെ മകനായ ഹുമായൂണ്‍ മുഗള്‍ സാമ്രാജ്യം സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. പിതാവിന്റെ മരണശേഷം സിംഹാരോഹണം ചെയ്യുമ്പോള്‍ വെറും 23 വയസ്സേ ഹുമായൂണിനുണ്ടായിരുന്നുള്ളൂ. തന്റെ ഗ്രന്ഥശാലയുടെ പടിക്കെട്ടില്‍ നിന്നും കാല്‍ തെന്നിവീണ് പരിക്കേറ്റ ഹുമായൂണ്‍ അഞ്ചുമാസത്തോളം ശയ്യാവലംബനാകുകയും 1556 ജനുവരി 24ന് മരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ മകന്‍ ജലാല്‍ അല്‍ ദീന്‍ മുഹമ്മദ് എന്ന അക്ബര്‍ 13ാം വയസില്‍ അധികാരമേറ്റു.