തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; വാര്‍ത്താസമ്മേളനം വൈകിട്ട് നാലിന്

Update: 2026-03-15 05:53 GMT

ന്യൂഡല്‍ഹി: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാലിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചു. വാര്‍ത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികള്‍ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അര്‍ദ്ധ സൈനിക സേന വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷന്‍ കേന്ദ്രവുമായി ചര്‍ച്ച നടത്തി. മെയ് അഞ്ചിന് മുന്‍പ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഷെഡ്യൂള്‍ തയാറാക്കുക. കേരളത്തില്‍ വിഷു അടക്കം ഉത്സവങ്ങള്‍ കൂടി കണക്കിലെടുത്താകും തീരുമാനമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. പ്രഖ്യാപനത്തിന് മുന്‍പായി ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും. ഒറ്റ ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പെന്നാണ് വിവരം. കഴിഞ്ഞ തവണ എട്ടു ഘട്ടമായി വോട്ടെടുപ്പ് നടന്ന പശ്ചിമബം?ഗാളില്‍ ഇത്തവണ രണ്ടോ മൂന്നോ ഘട്ടമായി പൂര്‍ത്തിയാക്കണമെന്നാണ് രാഷട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്. കേരളത്തിന് പുറമെ അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

Tags: