അസമില്‍ 2,000 ബംഗാളി മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കും; ആയിരം പോലിസുകാരെ വിന്യസിച്ചു
ഗുവാഹതി: അസമില്‍ 2,000 ബംഗാളി മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കും. കിഴക്കന്‍ അസമിലെ ഗോല്‍ഹാത്ത് ജില്ലയിലെ കുടിയൊഴിപ്പിക്കലിനായി ആയിരത്തില്‍ അധികം പോലിസുകാരെ വിന്യസിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു. രംഗ്മ റിസര്‍വ് ഫോറസ്റ്റില്‍ 4,900 ഏക്കര്‍ ഭൂമി കൈയ്യേറിയെന്നാണ് സര്‍ക്കാരിന്റെ ആരോപണം. വനം കൈയ്യേറി വെറ്റില കൃഷി ചെയ്തുവെന്നാണ് ആരോപിക്കപ്പെടുന്നത്.
പ്രദേശത്തുകാരോട് ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടതായി ബിജെപിയുടെ സുരുപതാറ്റ് എംഎല്‍എ ബിശ്വജിത് ഫുഖാന്‍ പറഞ്ഞു. എന്നാല്‍, പ്രദേശത്തെ 150 ബോഡോ കുടുംബങ്ങളെ കുടിയൊഴിപ്പിക്കില്ല. അവര്‍ക്ക് 2006ലെ വനാവകാശ നിയമപ്രകാരമുള്ള രേഖകള്‍ ഉണ്ടെന്നാണ് പറയുന്നത്. കുടിയൊഴിപ്പിക്കല്‍ ശ്രമങ്ങളെ തുടര്‍ന്ന് ഗോല്‍ഹാത്തുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശങ്ങളില്‍ നാഗാലാന്‍ഡും കൂടുതല്‍ പോലിസിനെ വിന്യസിച്ചു. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ നാഗാലാന്‍ഡിലേക്ക് കടക്കാതിരിക്കാനാണ് ഈ നടപടി. ഈ പ്രദേശം സംന്ധിച്ച് നാഗാലാന്‍ഡും അസമും തമ്മില്‍ തര്‍ക്കമുണ്ട്. അതിനാല്‍, തന്നെ പ്രദേശത്ത് അസം പോലിസിനെ സ്ഥിരമായി വിന്യസിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ്(കംപ്ലാങ്) വിഭാഗം പ്രസ്താവനയില്‍ ആരോപിച്ചു.