അസമില്‍ 2015ന് മുമ്പ് പ്രവേശിച്ച മുസ്‌ലിം ഇതര ''വിദേശികള്‍ക്കെതിരായ'' കേസുകള്‍ പിന്‍വലിക്കും; സിഎഎ അവര്‍ക്ക് പൗരത്വം നല്‍കുമെന്ന്

Update: 2025-08-06 07:54 GMT

ഗുവാഹതി: അസമില്‍ 2015ന് മുമ്പ് പ്രവേശിച്ച മുസ്‌ലിം ഇതര വിദേശികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി വിഭാഗക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ പൗരത്വ നിയമഭേദഗതി അനുമതി നല്‍കുന്നതായി സര്‍ക്കാര്‍ അറിയിച്ചു. അതിനാല്‍, ഈ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരേ വിവിധ ഫോറിനേഴ്‌സ് ട്രിബ്യൂണലുകളില്‍ നിലവിലുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

'പൗരത്വ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ പ്രകാരം, 31.12.2014നോ അതിനുമുമ്പോ അസമിലേക്ക് പ്രവേശിച്ച ആറ് നിര്‍ദ്ദിഷ്ട സമുദായങ്ങളില്‍ (ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാര്‍സി, ജൈന സമുദായങ്ങള്‍) നിന്നുള്ള വിദേശികളുടെ കേസുകള്‍ ഫോറിനേഴ്‌സ് ട്രിബ്യൂണലുകള്‍ ഇനി നടത്തേണ്ടതില്ല.''-ആഭ്യന്തര, രാഷ്ട്രീയ വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി അജയ് തിവാരി ഒപ്പിട്ട ഉത്തരവ് പറയുന്നു.

ഫോറിനേഴ്‌സ് ട്രിബ്യൂണലുകളിലെ കേസുകളും പൗരത്വ നിയമഭദേഗതിയും തമ്മിലുള്ള ബന്ധം പരിശോധിക്കാന്‍ ജൂലൈ 17ന് സര്‍ക്കാരിന്റെ ആഭ്യന്തര-രാഷ്ട്രീയ വകുപ്പ് പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ തീരുമാനം പ്രഖ്യാപിച്ചത്. 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ പ്രവേശിക്കുകയും ആറു വര്‍ഷമായി ജീവിക്കുകയും ചെയ്യുന്ന അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി വിഭാഗക്കാര്‍ക്ക് പൗരത്വം നല്‍കാമെന്നാണ് പുതിയ പൗരത്വ നിയമം പറയുന്നത്. 2019ല്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമത്തില്‍ 2024 മാര്‍ച്ചിലാണ് ചട്ടങ്ങള്‍ കൊണ്ടുവന്നത്.

രാജ്യത്ത് വംശപരമ്പരയുള്ളവര്‍ക്കും 1971ന് മുമ്പ് അസമില്‍ പ്രവേശിച്ചവര്‍ക്കും പൗരത്വം അനുവദിക്കുകയും മറ്റുള്ളവര്‍ക്ക് പൗരത്വം നിഷേധിക്കുകയും ചെയ്യാനുള്ള സംവിധാനമാണ് അസമിലെ ഫോറിനേഴ്‌സ് ട്രിബ്യൂണലുകള്‍. 1971ന് മുമ്പ് അസമിലോ ഇന്ത്യയിലോ ഒരാള്‍ ജീവിച്ചിരുന്നോ എന്നതിന്റെ രേഖകളാണ് ഈ ട്രിബ്യൂണലുകള്‍ പരിശോധിക്കുക. നിയമവിരുദ്ധവും പക്ഷപാതപരവുമായ പ്രവൃത്തികള്‍, അക്ഷരത്തെറ്റുകള്‍ക്ക് പൗരത്വം നിഷേധിക്കുക എന്നീ കാര്യങ്ങള്‍ ട്രിബ്യൂണല്‍ ചെയ്തതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഇതുവരെ 1.6 ലക്ഷം പേരെയാണ് ട്രിബ്യൂണലുകള്‍ വിദേശികളായി പ്രഖ്യാപിച്ചത്. അതില്‍ 69,500 പേര്‍ ഹിന്ദുക്കളാണ്.

പൗരത്വ ഭേദഗതി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് 'വിദേശികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും വേണം' എന്ന് വിജ്ഞാപനം പറയുന്നു. ഗൂര്‍ഖ, കൊച്ച്‌രാജ്‌ബോങ്ഷി സമുദായങ്ങളില്‍പ്പെട്ട വ്യക്തികള്‍ക്കെതിരെ ഫയല്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ 'വ്യക്തമായ' നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അത് എത്രയും വേഗം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

2014ന് മുമ്പ് അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച മുസ്‌ലിംകള്‍ അല്ലാത്തവരുടെ കേസുകള്‍ ഫോറിനേഴ്‌സ് ട്രിബ്യൂണലുകള്‍ക്ക് കൈമാറരുതെന്ന് 2024 ജൂലൈയില്‍ അസം സര്‍ക്കാര്‍ സംസ്ഥാന അതിര്‍ത്തി പോലിസിനോട് ആവശ്യപ്പെട്ടിരുന്നു. ആറ് സമുദായങ്ങളില്‍ നിന്നുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാരെ പൗരത്വ ഭേദഗതി നിയമ പോര്‍ട്ടലില്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ 'ഉപദേശിക്കണമെന്നായിരുന്നു നിര്‍ദേശം.

പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ അതിര്‍ത്തി പോലിസിനും ജില്ലാ കമ്മീഷണര്‍മാര്‍ക്കും പോലിസ് മേധാവികള്‍ ഫോറിനേഴ്‌സ് ട്രിബ്യൂണലിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് അസമിലെ ചില സംഘടനകള്‍ 1979ല്‍ ആരംഭിച്ച സമരത്തെ തുടര്‍ന്ന് 1985ല്‍ കേന്ദ്രസര്‍ക്കാരും സംഘടനാ പ്രതിനിധികളും ഒപ്പിട്ട അസം ഉടമ്പടിയുടെ ലംഘനമാണ് പൗരത്വ നിയമഭേദഗതിയെന്ന് ചിലര്‍ പറയുന്നു. 1971 മാര്‍ച്ച് 24ന് ശേഷം എത്തിയവരെ മുഴുവന്‍ പുറത്താക്കുമെന്നാണ് ഈ ഉടമ്പടി പറയുന്നത്. മതപരമായ വിവേചനമില്ലാതെ എല്ലാവരെയും പുറത്താക്കണമെന്നാണ് അസം ദേശീയവാദികളുടെ നിലപാട്. അതിനാല്‍ തന്നെ നിയമഭേദഗതിക്കെതിരേ അസമില്‍ വലിയ പ്രതിഷേധം നടന്നു. എന്നാല്‍, ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കള്‍ നിയമത്തെ സ്വാഗതം ചെയ്യുന്നു. 2019ല്‍ എന്‍ആര്‍സി തയ്യാറാക്കിയപ്പോള്‍ 19 ലക്ഷം പേര്‍ക്കാണ് പൗരത്വം നഷ്ടപ്പെട്ടത്. അഞ്ച് ലക്ഷം ബംഗാളി ഹിന്ദുക്കളും രണ്ടു ലക്ഷം കൊച്ച്‌രാജ്‌ബോങ്ഷി, ദാസ്, കാലിത, സര്‍മ വിഭാഗങ്ങളും ഒന്നര ലക്ഷം ഗൂര്‍ഖകളും പുറത്തായെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു. മൊത്തം ഏഴു ലക്ഷം മുസ്‌ലിംകളും പുറത്തായി. മുസ്‌ലിംകള്‍ ഒഴികെയുള്ളവര്‍ക്ക് മാത്രം പൗരത്വം നല്‍കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.