മുസ്‌ലിം പള്ളിയിലേക്ക് പന്നി മാംസം എറിഞ്ഞയാള്‍ അറസ്റ്റില്‍

Update: 2025-07-09 13:44 GMT

ഗുവാഹത്തി: മുസ്‌ലിം പള്ളിയിലേക്ക് പന്നി മാംസം എറിഞ്ഞയാള്‍ അറസ്റ്റില്‍. പഞ്ചാബാരി പ്രദേശത്തെ ഈദ്ഗാഹ് പള്ളിയിലേക്കാണ് ഞായറാഴ്ച്ച രാത്രി പന്നി മാംസം എറിഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നോക്കി മൃദുപവന്‍ പതക് എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. '' മിയാ കുട്ടീ, നീ എന്നെ ഗര്‍ഭിണിയാക്കി. ഇനി പന്നി മാംസം കഴിക്കൂ-പ്ലബിത ദാസ്'' എന്നെഴുതിയ കുറിപ്പും ഇയാള്‍ മാംസത്തിനൊപ്പം ഇട്ടിരുന്നു. ഒരു ഫോണ്‍ നമ്പറും കുറിപ്പിലുണ്ടായിരുന്നു. സംഭവത്തിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് പ്രദേശവാസികളായ മുസ്‌ലിംകള്‍ ആവശ്യപ്പെട്ടു.

പ്ലബിത ദാസ് എന്ന പെണ്‍കുട്ടിയെ മൃദുപവന്‍ പതക് ശല്യപ്പെടുത്തിയിരുന്നെന്നും അവള്‍ അയാളെ അവഗണിച്ചെന്നും പോലിസ് പറയുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയെ കുടുക്കാനാണ് ഇയാള്‍ ഇത് ചെയ്തതെന്നും പോലിസ് സംശയിക്കുന്നു.

വിഷയത്തില്‍ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പ്രതികരിച്ചു.'' ചിലര്‍ ക്ഷേത്രങ്ങള്‍ക്ക് സമീപം പശു മാംസം വച്ച് ഹിന്ദുക്കളെ ആട്ടിയോടിക്കാന്‍ ശ്രമിക്കുന്നു. അപ്പോള്‍ മുസ്‌ലിംകളെ ആട്ടിയോടിക്കാന്‍ പള്ളികളില്‍ പന്നിമാംസം വച്ചാലോ എന്ന് നമ്മള്‍ ചോദിക്കണം. അപ്പോള്‍ നമ്മള്‍ പശു ഇറച്ചി കഴിക്കരുത്, പന്നി ഇറച്ചിയും കഴിയ്ക്കരുത്.''-ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു.