ഗുവാഹതി: വെള്ളിയാഴ്ചകളില്‍ മുസ്‌ലിം നിയമസഭാംഗങ്ങള്‍ക്ക് നമസ്‌കാരം നിര്‍വഹിക്കാന്‍ രണ്ട് മണിക്കൂര്‍ ഇടവേള നല്‍കുന്ന അസം നിയമസഭയുടെ ദീര്‍ഘകാല പതിവ് ഇത്തവണത്തെ ബജറ്റ് സമ്മേളനത്തില്‍ ഉപേക്ഷിച്ചു. ജുമുഅ നമസ്‌കാരത്തിന് മുസ്‌ലിം അംഗങ്ങള്‍ക്ക് ഇടവേള നല്‍കുന്ന പതിവ് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ ആഗസ്റ്റില്‍ അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനമാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ തീരുമാനത്തില്‍ എഐയുഡിഎഫ് എംഎല്‍എയായ റഫീഖുല്‍ ഇസ്‌ലാം എതിര്‍പ്പ് അറിയിച്ചു. '' നിയമസഭയില്‍ 30 മുസ്‌ലിം എംഎല്‍എമാരുണ്ട്. ബിജെപിക്ക് അംഗബലമുള്ളതിനാല്‍ മാത്രമാണ് ഇത് ചെയ്തിരിക്കുന്നത്. ''-അദ്ദേഹം പറഞ്ഞു. നിയമസഭയ്ക്ക് സമീപത്ത് തന്നെ ജുമുഅ നമസ്‌കാരം നടത്താന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുമെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ ദേബബ്രത സൈകിയ പറഞ്ഞു.
'' ഇന്ന് എന്റെ പാര്‍ട്ടിക്കാരും എഐയുഡിഎഫ് അംഗങ്ങളും നമസ്‌കരിക്കാന്‍ പോയതിനാല്‍ പ്രധാനപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന പ്രത്യേക പ്രാര്‍ത്ഥനയായതിനാല്‍ സംവിധാനം ഒരുക്കുന്നത് നന്നായിരിക്കും.'' -ദേബബ്രത സൈകിയ പറഞ്ഞു.
ബ്രിട്ടീഷ് ഇന്ത്യയില്‍ അസമിന്റെ പ്രധാനമന്ത്രിയായിരുന്ന(1937-1946) സര്‍ സയ്യിദ് മുഹമ്മദ് സാദുല്ലയാണ് 1937ല്‍ വെള്ളിയാഴ്ച്ചകളില്‍ രണ്ടുമണിക്കൂര്‍ ഇടവേള കൊണ്ടുവന്നത്. 1946 മുതല്‍ 1950 വരെ ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണ സമിതിയില്‍ അംഗവുമായിരുന്നു സര്‍ സയ്യിദ് മുഹമ്മദ് സാദുല്ല. സാധാരണ ദിവസങ്ങളില്‍ രാവിലെ 9.30നാണ് നിയമസഭ ആരംഭിക്കുക. എന്നാല്‍, വെള്ളിയാഴ്ച്ച ഒമ്പതിന് തുടങ്ങുകയും രാവിലെ 11 മണി മുതല്‍ രണ്ട് മണിക്കൂര്‍ ഇടവേള നല്‍കുകയുമാണ് ചെയ്തിരുന്നത്. അസമില്‍ ബിജെപി ആദ്യമായി അധികാരത്തില്‍ എത്തി ഒരുവര്‍ഷത്തിന് ശേഷം 2017ല്‍ ബിജെപി എംഎല്‍എമാരാണ് ഈ ഇടവേള എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടത്. അതാണ് ഇപ്പോള്‍ നടപ്പായിരിക്കുന്നത്. ഇനി മുതല്‍ എല്ലാ ദിവസവും രാവിലെ 9.30നായിരിക്കും നിയമസഭ ചേരുക.
