'' ഇനി ഞങ്ങളോട് ഒന്നും ചോദിക്കരുത്; പ്രതിരോധ പ്രവര്‍ത്തനം തുടരും''-ഹിസ്ബുല്ല
ബെയ്‌റൂത്ത്: യുഎസ് നേതൃത്വത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും സ്ഥിരതയോടെ ചെറുത്തുനില്‍പ്പ് തുടരുമെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ശെയ്ഖ് നഈം ഖാസിം. ബാഹ്യ ഭീഷണികളോ ബലപ്രയോഗ ശ്രമങ്ങളോ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നിന്ന് ഹിസ്ബുല്ലയെ തടയില്ലെന്ന് കമാന്‍ഡര്‍ മുഹമ്മദ് യാഗിയുടെ രക്തസാക്ഷിത്വത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. '' നിങ്ങള്‍ കുതിരപ്പുറത്തു കയറി ദൈവത്തിന്റെ സൃഷ്ടികളിലെ ഏറ്റവും ഉയര്‍ന്ന കുറ്റവാളിയുമായി സഹകരിക്കുക, ഞങ്ങള്‍ ഒരിക്കലും പിന്മാറുകയില്ല, ഞങ്ങള്‍ കീഴടങ്ങില്ല, എന്തുതന്നെയായാലും ഞങ്ങള്‍ ഞങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കും, പ്രതിരോധം നിലനില്‍ക്കുകയും ലക്ഷ്യം നേടുകയും ചെയ്യും.''.
ലബ്‌നാന്‍ ഇന്നുനേരിടുന്ന പ്രതിസന്ധികള്‍ക്കും പ്രക്ഷുബ്ധതകള്‍ക്കും കാരണം യുഎസും ഇസ്രായേലുമാണ്. രാജ്യം ഇന്ന് രണ്ട് വഴികള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ്. '' യുഎസിന്റെയും ഇസ്രായേലിന്റെയും ആവശ്യങ്ങള്‍ക്ക് വഴങ്ങി ലബ്‌നാനെ ശിഥിലീകരണത്തിന് കൂട്ടുനില്‍ക്കലാണ് ഒന്നാമത്തെ വഴി. ഇസ്രായേലിനെ പുറത്താക്കി ലബ്‌നാന്റെ നവോത്ഥാനമാണ് രണ്ടാമത്തെ വഴി.''-അദ്ദേഹം വിശദീകരിച്ചു. നിരായുധീകരണത്തെ കുറിച്ച് ആരും ഹിസ്ബുല്ലയോട് സംസാരിക്കരുത്. ഇനി ആരും തങ്ങളോട് ഒന്നും ചോദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.