എന്നും അതിജീവിതയ്ക്കൊപ്പമെന്ന് ആസിഫ് അലി

Update: 2025-12-09 05:31 GMT

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടന്‍ ആസിഫ് അലി. '' കോടതി വിധി സ്വീകരിക്കുന്നു. വിധിയെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അത് കോടതി നിന്ദയാകും. അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നായിരുന്നു എന്റെ നിലപാട്. അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല. കോടതിക്ക് ശിക്ഷിക്കപ്പെടണം എന്ന് മനസിലാക്കിയവരെല്ലാം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും അതിജീവിതയ്ക്കൊപ്പമാണ്.'-ആസിഫ് അലി വ്യക്തമാക്കി. ആരോപണവിധേയനായ സമയത്ത് അദ്ദേഹത്തെ സംഘടനകള്‍ പുറത്താക്കിയിട്ടുണ്ടെങ്കില്‍ ഇത്തരത്തിലുള്ള കോടതിവിധി വരുമ്പോള്‍ അതിനെ അതിന്റേതായ രീതിയില്‍ കൈകാര്യം ചെയ്യുക എന്നല്ലേ എല്ലാ സംഘടനകളും ചെയ്യേണ്ടതെന്നും ആസിഫ് അലി വ്യക്തമാക്കി. '' അതിജീവിത എന്റെ സഹപ്രവര്‍ത്തകയാണ്, വളരെ അടുത്ത സുഹൃത്താണ്. അവര്‍ക്ക് അങ്ങനെയൊരു കാര്യം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് എന്ത് പകരം കൊടുത്താലും മതിയാകില്ല. നീതി ലഭിക്കണം എന്ന് മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളു. വിധിയില്‍ ഞാനൊരു അഭിപ്രായം പറഞ്ഞാല്‍ അത് കോടതി നിന്ദയായിപ്പോകും. കോടതി വിധിച്ചതിനെ പറ്റി ഞാന്‍ അഭിപ്രായം പറയുന്നത് ശരിയല്ല. കോടതിക്ക് ശരിയെന്ന് തോന്നിയതാണ് കോടതി വിധിച്ചത്. അതിന് മേല്‍നടപടികളിലേക്ക് പോകുന്നുണ്ട്. അതിന്റെ കാര്യങ്ങള്‍ വഴിയേ അറിയാം.''-ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

ദിലീപ് കേസില്‍ പ്രതിയായ സമയത്ത് ദിലീപിനെതിരെ കടുത്ത നിലപാടുകളാണ് ആസിഫ് അലി പറഞ്ഞത്. ഈ നിലപാടുകള്‍ ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.