മംഗളൂരു: മംഗളൂരുവില്‍ ഹിന്ദുത്വര്‍ തല്ലിക്കൊന്ന വയനാട് പുല്‍പ്പള്ളി സ്വദേശി മുഹമ്മദ് അഷ്‌റഫ് മാനസികവെല്ലുവിളി നേരിട്ടിരുന്നതായും വിവിധ മാനസികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരുന്നതായും സഹോദരന്‍ അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു. മംഗളൂരുവില്‍ എത്തിയ അബ്ദുല്‍ ജബ്ബാറും ബന്ധുക്കളും മൃതദേഹം ഏറ്റുവാങ്ങിയിട്ടുണ്ട്. മൃതദേഹവുമായി ബന്ധുക്കള്‍ നാട്ടിലേക്ക് തിരിച്ചു. കബറടക്കം മലപ്പുറം പറപ്പൂരിലെ മഹല്ല് പള്ളിയില്‍ നടക്കും. അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും തൊടുപുഴയിലും തൃശൂരിലുമായി ചികിത്സ തേടിയിട്ടുണ്ടെന്നും അബ്ദുല്‍ ജബ്ബാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവിച്ച കാര്യങ്ങളില്‍ വ്യക്തതയില്ലെന്നും സഹോദരന്‍ പറഞ്ഞു.
വേങ്ങരയില്‍ നിന്നാണ് ഇവരുടെ കുടുംബം പുല്‍പള്ളിയിലെത്തിയത്. നേരത്തേ പുല്‍പള്ളിയില്‍ ചില്ലറ ബിസിനസുകള്‍ നടത്തിയിരുന്നു. ഇടയ്ക്കിടെ വീടുവിട്ടിറങ്ങുന്ന അഷ്‌റഫ് ചെറിയ പെരുന്നാളിനു രണ്ടു ദിവസം മുന്‍പ് വീട്ടില്‍ വന്നിരുന്നതായും റിപോര്‍ട്ടുണ്ട്. മംഗളൂരുവില്‍ ആക്രി പെറുക്കിവിറ്റു കഴിയുകയായിരുന്നു.
