ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരണത്തെ കുറിച്ചുള്ള പോസ്റ്റ്; സര്‍വകലാശാല അധ്യാപകന്‍ അറസ്റ്റില്‍

Update: 2025-05-18 12:53 GMT

ഛണ്ഡീഗഡ്: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട അശോക സര്‍വകലാശാല അസോസിയേറ്റ് പ്രഫസറെ അറസ്റ്റ് ചെയ്തു. ഹരിയാനയിലെ യുവമോര്‍ച്ച നേതാവ് യോഗേഷ് ജതേരിയുടെ പരാതിയിലാണ് അലി ഖാന്‍ മഹ്മൂദാബാദിനെ പോലിസ് അറസ്റ്റ് ചെയ്തത്.

മേയ് എട്ടിനാണ് ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് അലി ഖാന്‍ സമൂഹമാധ്യമത്തില്‍ കുറിപ്പെഴുതിയത്. ഓപ്പറേഷന്‍ സിന്ദൂറിനെപ്പറ്റി വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വനിതാ ഓഫിസര്‍മാരായ കേണല്‍ സോഫിയ ഖുറൈശി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരെ ഉള്‍പ്പെടുത്തിയതിനെ കുറിച്ചായിരുന്നു കുറിപ്പ്. വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയ നടപടി മികച്ചതാണെങ്കിലും വലതുപക്ഷ നിരീക്ഷകര്‍ കേണല്‍ സോഫിയയെ ആഘോഷിക്കുന്നത് കാപട്യമാണെന്നായിരുന്നു അലി ഖാന്റെ വിമര്‍ശനം.

ഇതേതുടര്‍ന്ന് അലി ഖാനെതിരെ ഹിന്ദുത്വര്‍ വ്യാപകമായ പ്രതിഷേധം സംഘടിപ്പിച്ചു. എന്നാല്‍, അലി ഖാന് വേണ്ടി പൗരസമൂഹവും രംഗത്തെത്തി. വിവിധ മേഖലകളിലെ പ്രമുഖര്‍ അടക്കം 1200 പേര്‍ ഒപ്പിട്ട തുറന്ന കത്തും പ്രസിദ്ധീകരിച്ചു.