കശ്മീരിലെ പള്ളികളുടെ സൂക്ഷ്മ വിവരങ്ങള്‍ ശേഖരിച്ച് പോലിസ്; പ്രതിഷേധം ശക്തം
ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലെ പള്ളികളുടെ സുക്ഷ്മവിവരങ്ങള്‍ ശേഖരിച്ച് പോലിസ്. പള്ളികളുടെ ഭൗതികരൂപം, നിര്‍മിക്കാന്‍ എത്ര തുക ചെലവായി, പണം എങ്ങനെ സ്വരൂപിച്ചു, പള്ളികളുടെ വരുമാന-ചെലവ് കണക്കുകള്‍ തുടങ്ങിയ വിവരങ്ങളാണ് പോലിസ് തേടുന്നത്. പള്ളിയുമായി ബന്ധപ്പെട്ട ആളുകളുടെ വിവരങ്ങള്‍, സാമ്പത്തിക സ്ഥിതി, ബാങ്ക്, പാസ്‌പോര്‍ട്ട്, എടിഎം, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവയും പോലിസ് ശേഖരിക്കുന്നു. പോലിസ് നടപടിയില്‍ കശ്മീരില്‍ പ്രതിഷേധം വ്യാപകമായി. അധിനിവേശ സ്വഭാവത്തോടെയുള്ള വിവരശേഖരണമാണ് നടക്കുന്നതെന്ന് മതസംഘടനകളുടെ കൂട്ടായ്മയായ മുത്തഹിദ മജ്‌ലിസ് ഉലമ ചൂണ്ടിക്കാട്ടി. കശ്മീരിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് മുത്തഹിദ മജ്‌ലിസ് ഉലമ ആവശ്യപ്പെട്ടു. രാജ്യം ഭരിക്കുന്ന വലതുപക്ഷ പ്രത്യയശാസ്ത്രമാണ് ഇതിന് പിന്നിലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും പാര്‍ലമെന്റ് അംഗവുമായ ആഗ റൂഹുല്ല മെഹ്ദി ചൂണ്ടിക്കാട്ടി. എഞ്ചിനീയര്‍ റാഷിദിന്റെ നേതൃത്വത്തിലുള്ള അവാമി ഇത്തിഹാദ് പാര്‍ട്ടിയും പോലിസ് നടപടിക്കെതിരെ രംഗത്തെത്തി. വിശ്വാസത്തെ പോലിസിങ് ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടി.