ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും പിടികൂടി അസം വഴി ബംഗ്ലാദേശിലേക്ക് തള്ളിവിട്ട പശ്ചിമബംഗാള്‍ സ്വദേശി സുനാലി ഖാത്തൂനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ ബംഗ്ലാദേശിലെ ചപൈനാവാബ്ഗഞ്ചിലാണ് ഗര്‍ഭിണിയായ സുനാലിയുള്ളത്. സുനാലി ഇന്ത്യക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബംഗ്ലാദേശി സര്‍ക്കാര്‍ അവരെ ജയിലില്‍ അടച്ചിരുന്നു. എന്നാല്‍, സുനാലി ബംഗ്ലാദേശിയായതിനാലാണ് അവിടേക്ക് വിട്ടതെന്നാണ് ഇന്ത്യ പറയുന്നത്. സുപ്രിംകോടതി നിര്‍ദേശ പ്രകാരമാണ് മാനവികതയുടെ പേരില്‍ സുനാലിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
നിലവില്‍ ഒമ്പതുമാസം ഗര്‍ഭിണിയാണ് സുനാലി. ഇന്ത്യയിലേക്ക് തിരികെ വരണമെന്നും കുഞ്ഞിന് ഇന്ത്യയില്‍ ജന്മം നല്‍കണമെന്നാണ് ആഗ്രഹമെന്നും സുനാലി പറഞ്ഞു. കുട്ടി ബംഗ്ലാദേശില്‍ ജനിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമാവുമെന്ന് നിയമോപദേശം ലഭിച്ചു. എന്റെ കൂടെ നാടുകടത്തിയവര്‍ എവിടെയാണെന്ന് അറിയില്ല. അവരെയും തിരികെ കൊണ്ടുപോവണം.''-സുനാലി പറഞ്ഞു.
പശ്ചിമബംഗാള്‍ സ്വദേശിയായ സുനാലിയും കുടുംബവും കഴിഞ്ഞ 20 വര്‍ഷമായി ഡല്‍ഹിയിലായിരുന്നു താമസം. ആക്രിപെറുക്കി നടന്ന അവരെ ജൂണ്‍ 26നാണ് പോലിസ് പിടികൂടിയത്. പിന്നീട് അസമിലേക്ക് വിമാനത്തില്‍ കയറ്റി അയച്ചു. അതിന് പിന്നാലെ ബംഗ്ലാദേശിലേക്ക് തള്ളിവിട്ടു. ''ബംഗ്ലാദേശില്‍ എത്തിയ ആദ്യ ദിവസം ഞങ്ങള്‍ കാട്ടില്‍ ഒളിച്ചു. കൈയ്യില്‍ വസ്ത്രങ്ങള്‍ പോലുമില്ലായിരുന്നു. കുരിഗ്രാം ജില്ലയിലെ ഒരു ഗ്രാമത്തില്‍ എത്തി. അവിടത്തെ നാട്ടുകാര്‍ ഭക്ഷണം തന്നു. ഞങ്ങള്‍ ഇന്ത്യക്കാരാണെന്ന് പറഞ്ഞു. അവര്‍ സഹതാപത്തോടെ പെരുമാറി. ഒരാള്‍ താമസിക്കാന്‍ സ്ഥലം തന്നു. രണ്ടു ദിവസത്തിന് ശേഷം ഞങ്ങള്‍ നാട്ടില്‍ പോവാന്‍ ശ്രമിച്ചു. ഇന്ത്യയുടെ അതിര്‍ത്തിരക്ഷാ സേന പിടികൂടി തിരികെ അയച്ചു. പിന്നീട് ഞങ്ങള്‍ ബംഗ്ലാദേശി അതിര്‍ത്തിരക്ഷാ സേനക്കാരെ കണ്ടു. അവര്‍ ഏകദേശം 1,500 രൂപ തന്ന് ധാക്കയിലേക്ക് പോവാന്‍ നിര്‍ദേശിച്ചു. പിന്നെ ഞങ്ങള്‍ ധാക്കയില്‍ അലഞ്ഞു. പിന്നീട് ഇന്ത്യയില്‍ നിന്നും ഒരു ബന്ധു പണം അയച്ചുതന്നു. അത് വച്ച് ഞങ്ങള്‍ ചപൈനാവാബ്ഗഞ്ചില്‍ താമസമാക്കി. പക്ഷേ, ആഗസ്റ്റ് 21ന് പോലിസ് പിടികൂടി ജയിലില്‍ അടച്ചു.''-സുനാലി പറഞ്ഞു.
തിങ്കളാഴ്ച കോടതി ഇവര്‍ക്കെല്ലാം ജാമ്യം അനുവദിച്ചു. ഗര്‍ഭിണിയായ സാഹചര്യത്തില്‍ സുനാലിക്ക് ഇന്ത്യയില്‍ പോവുന്നതില്‍ തടസമില്ലെന്ന് കോടതി വിധിക്കുകയും ചെയ്തു. ഡല്‍ഹിയിലുള്ള തന്റെ അഞ്ചുവയസുള്ള മകളെയും അമ്മയേയും സഹോദരിയേയും വീഡിയോകോള്‍ ചെയ്യുകയാണ് സുനാലി ആദ്യം ചെയ്തത്.
