ദ്വയാര്‍ത്ഥ പ്രയോഗം: ഡോ. അരുണ്‍കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
കുട്ടിയുടെയും രക്ഷിതാവിന്റെയും അധ്യാപകരുടെയും അനുമതിയോടെ തയ്യാറാക്കിയ സ്‌കിറ്റ് ആയിരുന്നു ഇതെന്ന് ജാമ്യഹരജി പറയുന്നു.
കൊച്ചി: സ്‌കൂള്‍ കലോല്‍സവം റിപോര്‍ട്ടിങ്ങിനിടെ ദ്വയാര്‍ത്ഥപ്രയോഗം നടത്തിയെന്ന ആരോപണത്തില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി റിപോര്‍ട്ടര്‍ ടിവി കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ഡോ. ആരുണ്‍കുമാറും സബ് എഡിറ്റര്‍ ശാബാസ് അഹമ്മദും ഹൈക്കോടതിയെ സമീപിച്ചു. ഹരജികള്‍ ജനുവരി 20ന് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പരിഗണിക്കും. കുട്ടികളെ വാക്കാലോ ആംഗ്യത്താലോ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പോക്‌സോ നിയമത്തിലെ 11(i) വകുപ്പാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.
സ്‌കൂള്‍ കലോല്‍സവത്തിലെ ഒപ്പന മല്‍സരത്തിലെ മണവാട്ടിയോട് മോശമായി സംസാരിച്ചെന്നാണ് ഇരുവര്‍ക്കുമെതിരായ പരാതി പറയുന്നത്. എന്നാല്‍, കുട്ടിയുടെയും രക്ഷിതാവിന്റെയും അധ്യാപകരുടെയും അനുമതിയോടെ തയ്യാറാക്കിയ സ്‌കിറ്റ് ആയിരുന്നു ഇതെന്ന് ജാമ്യഹരജി പറയുന്നു. ലൈംഗികമായ ഉദ്ദേശ്യമില്ലാത്ത സംഭാഷണമാണ് നടന്നത്. പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളെ വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ ചെയ്യുന്നതിനാല്‍ രാഷ്ട്രീയപ്രേരിതമായ പരാതിയാണ് തങ്ങള്‍ക്കെതിരേ ഉണ്ടായിരിക്കുന്നതെന്നും ഇരുവരും ചൂണ്ടിക്കാട്ടി.