ഗംഗാനദിയുടെ തീരത്ത് കന്തൂറ ധരിച്ചുനടന്ന ഹിന്ദു യൂട്യൂബര്‍മാര്‍ അറസ്റ്റില്‍

Update: 2026-01-14 07:58 GMT

ഹരിദ്വാര്‍: ഗംഗാ നദിയുടെ തീരത്തെ ഹര്‍ കീ പൗരി കടവില്‍ അറബി വസ്ത്രമായ കന്തൂറ ധരിച്ചു നടന്ന രണ്ട് യൂട്യൂബര്‍മാര്‍ അറസ്റ്റില്‍. ഹരിദ്വാറിലെ സിദ്കുല്‍ സ്വദേശികളായ നവീന്‍ കുമാര്‍ (22), പ്രിന്‍സ് കുമാര്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുഎഇയിലെ ദുബൈയില്‍ നിന്നും വന്ന ഹബീബുല്ലയും ഹബീബിയും ആണെന്ന് പറഞ്ഞാണ് ഇരുവരും വീഡിയോ ചിത്രീകരിച്ചത്. ഇതുകണ്ട പുരോഹിതന്‍മാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. ''ഷെയ്ഖ്' ആണെന്ന് തെറ്റിധരിപ്പിച്ചതിനാണ് അറസ്റ്റെന്നാണ് ചില റിപോര്‍ട്ടുകള്‍ പറയുന്നത്. മതപരമായി ആരെയും വേദനിപ്പിക്കാനല്ല വീഡിയോ ചെയ്തതെന്ന്് ഇരുവരും പിന്നീട് പ്രസ്താവനയില്‍ പറഞ്ഞു. കുംഭമേള കാലത്ത് അഹിന്ദുക്കളെ ഗംഗയില്‍ പ്രവേശിപ്പിക്കരുതെന്ന് ഗംഗാ സഭ എന്ന സംഘടനയും ചില വിഭാഗം പുരോഹിതന്‍മാരും ആവശ്യപ്പെടാറുണ്ട്. ഈ നിര്‍ദേശം ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

'ഹര്‍ കി പൗരി' എന്ന പേരിന്റെ അര്‍ത്ഥം 'ഭഗവാന്റെ കാല്‍പ്പാടുകള്‍' എന്നാണ്. ഇവിടുത്തെ ഒരു കല്‍ഭിത്തിയില്‍ വിഷ്ണുവിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഹൈന്ദവ പുരാണങ്ങളിലെ ഒരു പ്രധാന സംഭവമാണ് സമുദ്രമഥനം (സമുദ്രം കടയുന്നത്). ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാല്‍ക്കടല്‍ കടഞ്ഞ് അമൃത്, ലക്ഷ്മി, ഹലാഹലം (വിഷം) തുടങ്ങിയ 14 രത്‌നങ്ങള്‍ പുറത്തുകൊണ്ടുവന്ന ശഹെല വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്. സമുദ്രമഥന സമയത്ത് മധ്യ ബ്രഹ്‌മകുണ്ഡ് പ്രദേശത്ത് അമൃതിന്റെ തുള്ളികള്‍ വീണതായി വിശ്വസിക്കപ്പെടുന്നതിനാല്‍ ഈ പ്രദേശത്ത് പുണ്യസ്‌നാനം നടത്തുന്നത് പാപങ്ങള്‍ കഴുകിക്കളയാനും മോക്ഷം നേടാനും സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.