അരിയില്‍ ഷുക്കൂര്‍ വധക്കേസ്: സാക്ഷികളെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍ സിപിഎം നേതാവിനെ വെറുതെവിട്ടു
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതികളായ പി ജയരാജനും ടി വി രാജേഷിനും എതിരായി മൊഴി നല്‍കിയ സാക്ഷികളെ തട്ടിക്കൊണ്ടുപോയി മൊഴിമാറ്റിയെന്ന കേസില്‍ സിപിഎം നേതാവിനെ കോടതി വെറുതെ വിട്ടു. സി പി സലീം എന്നയാളെയാണ് തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എം വി അനുരാജ് വെറുതെ വിട്ടത്. ആരോപണത്തില്‍ മതിയായ തെളിവുകളില്ലെന്ന് വിധി പറയുന്നു.
തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിലെ പ്യൂണ്‍ സി പി അബു, മുസ്ലിം ലീഗ് പ്രവര്‍ത്തകനായ സാബിര്‍ എന്നിവരാണ് തങ്ങളെ സിപിഎമ്മുകാര്‍ തട്ടിക്കൊണ്ടു പോയതായി പോലിസില്‍ പരാതി നല്‍കിയത്. തങ്ങള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ അവിടെയുണ്ടായിരുന്ന ജയരാജനും രാജേഷും ഷുക്കൂറിനെ കൊല്ലാന്‍ നിര്‍ദേശം നല്‍കുന്നത് കേട്ടു എന്നാണ് അബുവും സാബിറും മൊഴി നല്‍കിയിരുന്നത്.
2013 സെപ്റ്റംബര്‍ 21ന് അബുവിനേയും സാബിറിനേയും തളിപ്പറമ്പില്‍ നിന്ന് സലീം നിര്‍ബന്ധപൂര്‍വം കാറില്‍ കയറ്റി ബക്കളത്ത് ഹോട്ടലില്‍ എത്തിക്കുകയായിരുന്നു എന്നാണ് പരാതി. ഹോട്ടലില്‍ പ്രതിഭാഗം അഭിഭാഷകനായ നിക്കോളാസ് ജോസഫും ഉണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും ഭീഷണിപ്പെടുത്തി വിവിധ കടലാസുകളില്‍ ഇരുപതോളം ഒപ്പിടുവിച്ചു. രാത്രിയോടെ തളിപ്പറമ്പില്‍ കൊണ്ടുവിട്ടു. പിറ്റേന്ന് മൊഴി മാറ്റിയെന്ന് വാര്‍ത്ത വന്നപ്പോഴാണ്, മൊഴിമാറ്റുന്നതിനുള്ള കടലാസുകളിലാണ് തങ്ങള്‍ ഒപ്പിട്ടതെന്ന് അറിയുന്നതെന്ന് ഇരുവരും പരാതിയില്‍ പറഞ്ഞിരുന്നു. നിക്കോളാസ് ജോസഫും കേസില്‍ പ്രതിയായിരുന്നു. എന്നാല്‍ ഹൈക്കോടതി പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. കേസിന്റെ വിചാരണയില്‍ സാബിര്‍ ഹാജരായില്ല. ഇയാള്‍ വിദേശത്താണ്.
