അര്‍ജന്റീനയിലെ കാട്ടുതീയ്ക്ക് പിന്നില്‍ ഇസ്രായേലികളെന്ന് പ്രതിപക്ഷം

Update: 2026-01-17 06:08 GMT

ബോയനസ് എരീസ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയ്ക്ക് പിന്നില്‍ ഇസ്രായേലികളാണെന്ന് പ്രതിപക്ഷം. പതഗോണിയ പ്രദേശത്തെ ലോസ് ഗ്ലേസിയാരസ് സംരക്ഷിത വനത്തിലാണ് വിനോദസഞ്ചാരത്തിന് എത്തിയെന്ന് അവകാശപ്പെടുന്ന ഇസ്രായേലികള്‍ തീയിട്ടത്. ഇവര്‍ കാടിന് തീയിടുന്നത് കണ്ട ഒരാള്‍ അതിന്റെ വീഡിയോ പകര്‍ത്തി അധികൃതര്‍ക്ക് കൈമാറി. ഇതോടെ മുന്‍ സൈനിക മേധാവി അടക്കമുള്ളവര്‍ കാട്ടുതീയില്‍ ഇസ്രായേലിന്റെ പങ്കിനെ കുറ്റപ്പെടുത്തി രംഗത്തെത്തി. പ്രതിപക്ഷവും സമരത്തിന് ഒരുങ്ങുകയാണ്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വലംകൈയ്യും കടുത്ത സയണിസ്റ്റ് അനുകൂലിയുമായ നിലവിലെ പ്രസിഡന്റ് സേവ്യര്‍ മിലെ അര്‍ജന്റീനയുടെ പരിസ്ഥിതി നിയമങ്ങളിലെല്ലാം വെള്ളം ചേര്‍ത്തിട്ടുണ്ട്.


പുതിയ നിയമപ്രകാരം വിദേശികള്‍ക്ക് അര്‍ജന്റീനയില്‍ ഭൂമി വാങ്ങാം. കാട്ടുതീയുണ്ടായ പ്രദേശങ്ങള്‍ പിന്നീട് വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കാമെന്നും പുതിയ വ്യവസ്ഥകള്‍ പറയുന്നു. കൂടാതെ ഫയര്‍ഫോഴ്‌സിന്റെ ശേഷി സര്‍ക്കാര്‍ 70 ശതമാനം കുറയ്ക്കുകയും ചെയ്തു. ഇതെല്ലാം സയണിസ്റ്റുകളെ അര്‍ജന്റീനയില്‍ കുടിയിരുത്താന്‍ വേണ്ടിയുള്ള നടപടികളാണെന്ന് പ്രതിപക്ഷം പറയുന്നു.

ഇസ്രായേല്‍ സ്ഥാപിക്കാന്‍ ഫലസ്തീന്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് സയണിസ്റ്റുകള്‍ ലക്ഷ്യമിട്ടിരുന്നത് അര്‍ജന്റീനയായിരുന്നു. അവിടെ ജൂതന്‍മാര്‍ താമസിക്കണമെന്നായിരുന്നു സയണിസത്തിന്റെ സ്ഥാപകനായ തിയഡോര്‍ ഹെര്‍സല്‍ ആവശ്യപ്പെട്ടത്. പിന്നീട് ഫലസ്തീനില്‍ ജൂതരാഷ്ട്രം സ്ഥാപിച്ചെങ്കിലും സയണിസ്റ്റുകളുടെ രാഷ്ട്രീയ ഓര്‍മയില്‍ നിന്നും അര്‍ജന്റീന മാഞ്ഞിട്ടില്ല. ആന്‍ഡിനിയ പ്ലാന്‍ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. പതഗോണിയ കേന്ദ്രമായി ജൂതരാഷ്ട്രം സ്ഥാപിക്കണമെന്നായിരുന്നു ഈ പ്ലാന്‍ പറഞ്ഞിരുന്നത്. പ്രദേശത്തെ എപുയെന്‍ തടാകത്തിന് സമീപത്ത് നിന്ന് അടുത്തിടെ ഇസ്രായേലി സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള ഗ്രനേഡുകളും മറ്റും കണ്ടെത്തിയിരുന്നു.