'ഞങ്ങളെ വിഡ്ഢികളാക്കുകയാണോ?'; കേരളത്തിലെ ഡ്രഡ്ജര്‍ കേസില്‍ കേന്ദ്രത്തിന് പിഴയിട്ട് സുപ്രിംകോടതി
ന്യൂഡല്‍ഹി: മുന്‍ പോലിസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരം അറിയിച്ചതിന് കേന്ദ്ര സര്‍ക്കാരിന് പിഴയിട്ട് സുപ്രിംകോടതി. 25,000 രൂപയാണ് പിഴ. തെറ്റായ വിവരംനല്‍കി കോടതിയെ വിഡ്ഢിയാക്കാനാണോ ശ്രമമെന്ന് ജസ്റ്റിസുമാരായ രാജേഷ് ബിന്‍ഡാല്‍, വിജയ് ബിഷ്ണോയി എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസിന്റെ അന്വേഷണത്തിനായി നെതര്‍ലാന്‍ഡ്‌സില്‍ പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാന്‍ നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി നെതര്‍ലാന്‍ഡ്സിലേക്ക് പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക നവംബറില്‍ സംസ്ഥാന വിജിലന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു. എന്നാല്‍, വിജിലന്‍സ് ഇതുവരെ പട്ടിക കൈമാറിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഇന്ന് കോടതിയെ അറിയിച്ചു.
എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ ഈ വാദത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. നവംബറില്‍ സംസ്ഥാന വിജിലന്‍സ് കേന്ദ്രത്തിനയച്ച കത്തിന്റെ പകര്‍പ്പ് ഇരുവരും കോടതിക്ക് കൈമാറി. തുടര്‍ന്ന് ഇക്കാര്യത്തിലെ വസ്തുത അറിയിക്കാന്‍ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറലിനോട് കോടതി നിര്‍ദേശിച്ചു. ഉച്ചക്കുശേഷം കോടതിയില്‍ ഹാജരായ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ് വി. രാജു താന്‍ കോടതിയെ അറിയിച്ചത് തെറ്റായ വിവിവരമാണെന്ന് വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ അറിയിച്ച വിവരമാണ് കോടതിയില്‍ വ്യക്തമാക്കിയതെന്നായിരുന്നു വിശദീകരണം. പതിനായിരത്തിലധികം കേസുകള്‍ കൈകാര്യംചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായ ചെറിയ തെറ്റ് ക്ഷമിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എന്നാല്‍, ഈ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിച്ചെങ്കില്‍ എന്തായിരുന്നു സംഭവിക്കുകയെന്ന് കോടതി ആരാഞ്ഞു. ആദ്യം 50,000 രൂപ പിഴയിടാനാണ് ബെഞ്ച് തീരുമാനിച്ചത്. എന്നാല്‍, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്ന് അത് 25,000 ആയി കുറച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കാണ് വീഴ്ചപറ്റിയതെന്ന് അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. എന്നാല്‍, കേന്ദ്ര സര്‍ക്കാരിനാണ് തങ്ങള്‍ പിഴ ഇടുന്നതെന്നും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്തി അവരില്‍നിന്ന് അത് ഈടാക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
