തമിഴ്‌നാട്ടിലെ കീഴടിയിലെ ഉദ്ഖനന റിപോര്‍ട്ട് തിരുത്തണമെന്ന് എഎസ്‌ഐ; ചരിത്രം തിരുത്താനാവില്ലെന്ന് ഗവേഷകന്‍

Update: 2025-05-25 04:47 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ കീഴടിയില്‍ നടക്കുന്ന ഉദ്ഖനനത്തിലെ കണ്ടെത്തലുകള്‍ തിരുത്തണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. ചരിത്രം കൂടുതല്‍ 'ആധികാരികമാക്കുന്ന' റിപോര്‍ട്ട് നല്‍കാനാണ് എഎസ്‌ഐ ഡയറക്ടര്‍ ഹേമസാഗര്‍ നായ്ക് കത്ത് നല്‍കിയിരിക്കുന്നത്. എന്നാല്‍, റിപോര്‍ട്ട് തിരുത്തല്‍ അസാധ്യമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ അമര്‍നാഥ് രാമകൃഷ്ണ രേഖാമൂലം അറിയിച്ചു. ചരിത്രം തിരുത്താന്‍ തന്നെ കൊണ്ട് സാധിക്കില്ലെന്ന് അദ്ദേഹം കേന്ദ്രത്തിന് കത്തയച്ചു.

അമര്‍നാഥ് രാമകൃഷ്ണ

2023 ജനുവരിയിലാണ് അമര്‍നാഥ് രാമകൃഷ്ണ 982 പേജുള്ള ചരിത്ര റിപോര്‍ട്ട് എഎസ്‌ഐക്ക് നല്‍കിയത്. അതിലും മുമ്പ് 2016, 2017 കാലത്ത് പ്രാഥമിക, ഇടക്കാല റിപോര്‍ട്ടുകളും നല്‍കിയിരുന്നു. ഇത്രയും കാലം റിപോര്‍ട്ടില്‍ അടയിരുന്ന ശേഷമാണ് 2025 മേയ് 23ന് എഎസ്‌ഐ കത്ത് നല്‍കിയത്. ഈ കത്തിന് ഓരോ ഖണ്ഡികക്കും രാമകൃഷ്ണ മറുപടി നല്‍കിയിട്ടുണ്ട്. ഗവേഷണഫലങ്ങള്‍ പുനര്‍വ്യാഖ്യാനിക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ശിവഗംഗ ജില്ലയിലെ കീഴടി ഗ്രാമത്തില്‍ എഎസ്‌ഐയും പിന്നീട് തമിഴ്‌നാട് പുരാവസ്തുവകുപ്പും നടത്തിയ ഉദ്ഖനനത്തില്‍ കണ്ടെത്തിയ വിവരങ്ങളെ അവഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഗവേഷണ റിപോര്‍ട്ട് തിരുത്താനുള്ള നിര്‍ദേശം വരുന്നത്. സിന്ധുനദീതട നാഗരികതയ്ക്ക് ദ്രാവിഡ ബന്ധമുണ്ടെന്ന കണ്ടെത്തലുകളാണ് പുരാവസ്തു ശാസ്ത്രജ്ഞന്‍ അമര്‍നാഥ് രാമകൃഷ്ണയുടെ നേതൃത്വത്തിലുള്ള പര്യവേക്ഷണത്തില്‍ കണ്ടെത്തിയത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ആദിമചരിത്രത്തെപ്പറ്റി നിലവിലുള്ള ധാരണകള്‍ തിരുത്തുന്ന ഈ കണ്ടെത്തല്‍ ലോകചരിത്രത്തില്‍ ദ്രാവിഡനാഗരികതക്കുള്ള പ്രാധാന്യവും വിളിച്ചോതുന്നു. ഇരുമ്പുയുഗത്തെ കുറിച്ച് നിര്‍ണായക കണ്ടെത്തലുകളാണ് ഉണ്ടായിരിക്കുന്നത്.

കീഴടിയിലും മധുരയിലും 2014 മുതല്‍ 2016 വരെ നടത്തിയ ഉദ്ഖനനത്തില്‍ 5500ലേറെ പുരാവസ്തുക്കളാണ് കണ്ടെത്തിയത്. ബിസി മൂന്നാം നൂറ്റാണ്ടുമുതല്‍ എഡി മൂന്നാം നൂറ്റാണ്ടുവരെയുള്ള കാലത്തേതാണ് ഇവ എന്നായിരുന്നു കണ്ടെത്തല്‍. ഗവേഷണം തുടരുന്നതിനിടെ 2017ല്‍ രാമകൃഷ്ണയെ എഎസ്‌ഐ അസമിലേക്കു സ്ഥലംമാറ്റി. കീഴടിയിലെ കണ്ടെത്തലുകള്‍ക്ക് അത്ര പ്രാധാന്യമൊന്നും ഇല്ലെന്നായിരുന്നു, രാമകൃഷ്ണയ്ക്കുശേഷം കീഴടിയിലെ ഗവേഷണച്ചുമതല ഏറ്റെടുത്തവരുടെ അഭിപ്രായം. അതിനിടെ തമിഴ്‌നാട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് സ്വന്തം നിലയില്‍ ഖനനം നടത്താന്‍ അനുമതി തേടി. കീഴടിയില്‍ പുരാവസ്തുമ്യൂസിയം തുടങ്ങുകയും ചെയ്തു.


എഎസ്‌ഐയുടെ തീരുമാനം ഞെട്ടിക്കുന്നതാണെന്നും 'ചരിത്രത്തിന്റെ സമ്മര്‍ദ്ദത്തിന്റെ' ഫലമാണെന്നും, 'ജേര്‍ണി ഓഫ് എ സിവിലൈസേഷന്‍: ഇന്‍ഡസ് ടു വൈഗൈ' എന്ന പുസ്തകത്തിന്റെ രചയിതാവായ മുന്‍ ഐഎഎസ് ഓഫിസര്‍ ആര്‍ ബാലകൃഷ്ണന്‍ പറഞ്ഞു. ''ആവശ്യത്തിന് കുഴിക്കാന്‍ അനുവദിക്കാത്തത് ദുരന്തമായി കണക്കാക്കപ്പെടുന്നു, റിപോര്‍ടുകള്‍ പുറത്തുവരാന്‍ അനുവദിക്കാത്തത് അതിലും വലിയ ദുരന്തമാണ്. ദയനീയമായ അവസ്ഥയാണ്.''-അദ്ദേഹം പറഞ്ഞു.

ദക്ഷിണേന്ത്യയിലെ പുരാവസ്തുശാസ്ത്രത്തോടുള്ള എഎസ്‌ഐയുടെ സമീപനം എല്ലായ്‌പ്പോഴും തൃപ്തികരമല്ല. ''ഇക്കാര്യത്തില്‍ വ്യക്തമായ പക്ഷപാതമുണ്ട്. ഇന്ത്യപോലുള്ള ബഹുസ്വര സമൂഹത്തില്‍ ചരിത്രത്തെ സൂക്ഷമമായി പരിശോധിക്കണം. ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ അലക്‌സാണ്ടര്‍ റിയക്ക് ശേഷം ഒരു ഗവേഷകനെ പോലും ആദിച്ചനല്ലൂരിലേക്ക് അയച്ചില്ല. ടി സത്യമൂര്‍ത്തിയുടെ ആദിച്ചനല്ലൂര്‍ റിപോര്‍ട്ട് 15 വര്‍ഷം പൂഴ്ത്തിവച്ചു. കോടതി ഇടപെട്ടാണ് ഇത് വെളിച്ചം കണ്ടത്. ഇപ്പോള്‍ കീഴടിയിലും അത് തന്നെ സംഭവിച്ചിരിക്കുകയാണ്.''-അദ്ദേഹം പറഞ്ഞു.